പുനലൂർ : കോവിഡ് കാലത്ത് പുനലൂർ താലൂക്ക് ആശുപത്രിക്ക് സഹായമെത്തിച്ച് സി.പി.ഐ. പുനലൂർ മണ്ഡലം കമ്മിറ്റി. കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് നൽകാൻ പഴങ്ങൾ, മാസ്ക്, പുതപ്പ് എന്നിവ എത്തിച്ചാണ് ആശുപത്രിക്ക്‌ സഹായഹസ്തം നീട്ടിയത്.

പാർട്ടി മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് സാധനങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷായ്ക്ക് കൈമാറി.

കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ കഴിയുന്ന 150 രോഗികൾക്ക് കൈത്താങ്ങാകുകയാണ് ലക്ഷ്യമെന്നും വരുംദിവസങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തുമെന്നും അജയപ്രസാദ് പറഞ്ഞു.

ചടങ്ങിൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.രാജശേഖരൻ അധ്യക്ഷനായി. കെ.രാധാകൃഷ്ണൻ, നഗരസഭാ വൈസ്‌ ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, ലാൽകൃഷ്ണ, ഹരി, പ്രിയേഷ്, വിഷ്ണുലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

വളർത്തുമൃഗങ്ങൾക്കും സംരക്ഷണം

:മുഴുവൻ അംഗങ്ങൾക്കും കോവിഡ് ബാധിച്ച കുടുംബത്തിലെ പശുക്കളുടെ സംരക്ഷണമേറ്റെടുത്ത് സി.പി.ഐ. പ്രവർത്തകർ. പുനലൂർ നഗരസഭയിലെ ആരംപുന്ന സ്വദേശി ശശിയുടെ മൂന്നു പശുക്കളെയാണ് പാർട്ടി പ്രവർത്തകർ സംരക്ഷിച്ചത്. 33 ദിവസം സംരക്ഷിച്ചശേഷം കഴിഞ്ഞദിവസം പശുക്കളെ ഉടമയ്ക്ക് തിരിച്ചുനൽകി. വെസ്റ്റ് മേഖലാ കമ്മിറ്റി സെക്രട്ടറി ജ്യോതികുമാർ, വാർഡ് കൗൺസിലർ ബി.സുജാത, കരവാളൂർ ക്ഷീരസംഘം പ്രസിഡന്റ് തുളസീധരൻ പിള്ള എന്നിവർ നേതൃത്വം നൽകി.