കൊല്ലം : ട്രോളിങ്‌ നിരോധനം നിലവിൽവന്നശേഷം കടലിൽപ്പോയ ഇൻബോർഡ്‌ വള്ളങ്ങൾക്കും ചെറുയാനങ്ങൾക്കും കിട്ടിയത്‌ ചൂടയും കരിച്ചാളയും. കിലോയ്ക്ക്‌ 150 രൂപ നിശ്ചയിച്ച്‌ വിൽക്കാൻ അധികൃതർ അനുമതിനൽകിയിരുന്നെങ്കിലും എഴുപതും എൺപതും രൂപയ്ക്കാണ്‌ മീൻ വിറ്റുപോയത്‌. വൈകുന്നേരം അഞ്ചുമണിവരെയാണ്‌ മീൻ വിൽക്കാൻ അനുമതിയുണ്ടായിരുന്നത്‌.

കാലാവസ്ഥാമുന്നറിയിപ്പുണ്ടായിരുന്നതിനാൽ കുറച്ചുവള്ളങ്ങൾ മാത്രമാണ്‌ കടലിൽപ്പോയത്‌. ഒറ്റ-ഇരട്ടയക്ക ക്രമം നിശ്ചയിച്ചാണ്‌ മീൻപിടിത്തത്തിന്‌ അനുവാദംനൽകുന്നത്‌. മീൻ വിൽക്കാൻ നീണ്ടകര തുറമുഖം സജ്ജമാക്കിയിട്ടുണ്ട്‌. ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മത്സ്യഫെഡ് ബങ്കുകളും അഴീക്കൽ ഭാഗത്ത് മുൻവർഷങ്ങളിൽ പ്രവർത്തിച്ചിരുന്ന ബങ്കുകളും പ്രവർത്തിക്കുന്നുണ്ട്‌.

മുന്നറിയിപ്പിൽ അപാകമെന്ന്‌ മത്സ്യത്തൊഴിലാളികൾ

:പ്രതികൂല കാലാവസ്ഥമൂലം കടലിൽ പോകരുതെന്ന മുന്നറിയിപ്പ്‌ തങ്ങൾ അറിയാറില്ലെന്നാണ്‌ മത്സ്യത്തൊഴിലാളികളുടെ പരാതി. കടലിൽപ്പോയി കഴിയുമ്പോഴാകും അറിയിപ്പുകളുണ്ടാകുന്നത്‌.

അപകടസാധ്യതയുള്ള മേഖലകൾതിരിച്ച്‌ മുന്നറിയിപ്പുനൽകാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. കാലാവസ്ഥ അനുകൂലമാണെങ്കിലും അറിയിപ്പിലെ അപാകംമൂലം കടലിൽപ്പോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്‌.

മൺസൂൺകാലത്തെ അപകടങ്ങൾ നേരിടാനും രക്ഷാപ്രവർത്തനത്തിനും പട്രോളിങ്ങിനുമായി നീണ്ടകരയിലും അഴീക്കലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്‌.

മറൈൻ പോലീസിന്റെയും സേവനം 24 മണിക്കൂറും ലഭിക്കും. രക്ഷാപ്രവർത്തനത്തിന്‌ കോസ്റ്റൽ പോലീസ്‌ സ്പീഡ് ബോട്ടും സജ്ജമാക്കിയിട്ടുണ്ട്‌.