കുളത്തൂപ്പുഴ : സംവരണാവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണ-പ്രതിപക്ഷ പാർട്ടികളെ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുന്നതിന്‌ രംഗത്തിറങ്ങുമെന്ന് ആദിവാസി ദളിത്‌ മുന്നേറ്റസമിതി സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ജില്ലാ പ്രവർത്തക കൺവെൻഷൻ കുളത്തൂപ്പുഴ സോനു ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അരിപ്പയിൽ ഉൾപ്പെടെ വർഷങ്ങളായി ഭൂസമരം നടത്തുന്ന കുടുംബങ്ങൾക്ക് കൃഷിഭൂമി നൽകി പരിഹരിക്കുന്നതിനു തയ്യാറാകാത്ത സർക്കാർ നടപടി ദളിത്‌-ആദിവാസി വിഭാഗങ്ങളോടുള്ള അവഗണനയാണെന്നും ഇതിനെതിരേ പ്രക്ഷോഭം തുടങ്ങുമെന്നും കൊയ്യോൻ കൂട്ടിച്ചേർത്തു. എ.ഡി.എം.എസ്. ജില്ലാ പ്രസിഡൻറ് പി.മണിലാൽ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സംസ്ഥാന നേതാക്കളായ വി.രമേശൻ, സുലേഖ ബീവി, വി.ചന്ദ്രശേഖർ, ബേബി പുനലൂർ, മനോഹരൻ അച്ചൻകോവിൽ, ശാന്ത കെ., സാജു, ശിവാനന്ദൻ, സുനിൽ അച്ചൻകോവിൽ, ഉഷ പി.തൊടിയിൽ, കുമാരൻ പുന്നല തുടങ്ങിയവർ പ്രസംഗിച്ചു.