ഒരു പഞ്ചായത്തിൽത്തന്നെ പതിനഞ്ചും അതിലധികവും വാർഡുകൾ, ഓരോ വാർഡിലും മൂന്നും നാലും സ്ഥാനാർഥികൾ. നവമാധ്യമങ്ങളിലെ പ്രചാരണസാമഗ്രികൾ തയ്യാറാക്കാനായി മിക്കവരും രംഗത്തിറങ്ങിത്തുടങ്ങിയതോടെ കോവിഡ് കാലത്ത് പൂട്ടിക്കിടന്ന ഡിസൈനിങ് സ്ഥാപനങ്ങളിൽ പലതും ഇപ്പോൾ രാത്രിയിലും പൂട്ടാത്ത സ്ഥിതിയിലാണ്.

പോസ്റ്റുകളും മറ്റും തയ്യാറാക്കാൻ പലതരത്തിലാണ് നിരക്ക്. പ്രചാരണത്തിന് സമയം ഏറെയുണ്ടെന്നതിനാൽ സ്ഥാനാർഥികൾ പോസ്റ്റുകളും സ്റ്റാറ്റസുമെല്ലാം മാറിമാറി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നതും മേഖലയ്ക്ക് പ്രതീക്ഷയാണ്.തിരഞ്ഞെടുപ്പിൽ യുവാക്കളാണ് മിക്കയിടത്തും മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹികമാധ്യമങ്ങൾ ഗുണംചെയ്യുമെന്ന് കണ്ടറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് മുന്നണികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ശബ്ദസന്ദേശങ്ങൾ, വാട്‌സാപ്പ് സ്റ്റാറ്റസുകൾ, ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ, ട്രോളുകൾ എന്നിവയാണ് തയ്യാറാക്കി കൈമാറുന്നത്. ലളിതമായ ഡിസൈനുകൾക്കാണ് പ്രചാരം കൂടുതലെന്ന് ഡിസൈനറായ ഷിനിൽ പറയുന്നു.ഡിസൈനിങ് മേഖലയിൽ വലിയ ഉണർവ്

പുതുമുഖങ്ങൾക്കുംപരിചയസമ്പന്നർക്കും വെവ്വേറെ

തിരഞ്ഞെടുപ്പുരംഗത്തെ പുതുമുഖങ്ങളെ പരിചയപ്പെടുത്താൻ അൽപ്പം ഹോംവർക്ക് ചെയ്തുള്ള പോസ്റ്റുകളാണ് തയ്യാറാക്കുന്നത്. ഏറെയും വികസനത്തിന് ഊന്നൽ നൽകുന്നവ. പരിചയസമ്പന്നരാണെങ്കിൽ കഴിഞ്ഞകാല വികസനപ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകാനെന്ന മേമ്പൊടി ചേർത്തുള്ള പോസ്റ്റുകൾ അതിവേഗം തയ്യാറാക്കാനാകും.