കൊട്ടാരക്കര : രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിൽ സ്ഥാനാർഥികളെ നിശ്ചയിക്കുംമുമ്പേ സാമൂഹിക മാധ്യമങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനവും പ്രചാരണവും തകൃതി. മത്സരമോഹമുള്ളവർ നേരിട്ട്‌ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാതെ അണികളെ ഉപയോഗിച്ച് അഭിവാദ്യം അർപ്പിക്കൽ, പോസ്റ്റുകൾ എന്നിവ പ്രചരിപ്പിക്കുന്നതാണ് പ്രധാനം. പോസ്റ്റുകൾക്ക് താഴെ ലൈക്കുകളും ഡിസ് ലൈക്കുകളും കമന്റുകളും നിറയുന്നതോടെ നിശ്ചിത വാർഡിലെ സ്ഥാനാർഥി നിർണയം വിവാദത്തിലേക്കു നീങ്ങും. ഇവിടേക്കു മറ്റാരെയെങ്കിലും നിർത്താനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങൾക്കു തടയിടുകയാണ് പ്രധാനമായും പ്രചാരണത്തിന്റെ ലക്ഷ്യം.

ഗ്രാമപ്പഞ്ചായത്ത് വാർഡ് മുതൽ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കു വരെയുള്ള സ്ഥാനാർഥിനിർണയം സമൂഹമാധ്യമങ്ങളിൽ നടന്നുകഴിഞ്ഞു. പ്രമുഖ നേതാക്കൾ മത്സരിക്കുന്ന വാർഡുകളിൽ വിമതരെ നിശ്ചയിക്കുന്നതും ഇവിടെത്തന്നെ. എതിർപാർട്ടിയാണെങ്കിൽപ്പോലും വിമതർക്ക് ലൈക്കടിക്കാൻ നേതാക്കളും പ്രവർത്തകരും വൈമനസ്യം കാട്ടുന്നില്ല. പ്രസിഡന്റ് സ്ഥാനം മുന്നിൽ കണ്ട് മത്സരരംഗത്തിറങ്ങിയ ഒന്നിലധികം നേതാക്കൾ എല്ലാ പഞ്ചായത്തുകളിലുമുണ്ട്. സ്വന്തം പാർട്ടിയിലെ എതിരാളിയുടെ സ്ഥാനാർഥിത്വം തെറിപ്പിക്കാനും അവരവരുടേത് ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണ് മിക്ക നേതാക്കളും.

ചടയമംഗലത്ത് സ്ഥാനാർഥിപ്പട്ടികയിൽ പുതുമുഖങ്ങളും യുവാക്കളും

ചടയമംഗലം : നിയോജകമണ്ഡലത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ എട്ട് പഞ്ചായത്തുകളിലും പുതുമുഖങ്ങളും യുവാക്കളുമാണ് മത്സരരംഗത്ത്. മുഖ്യധാരാ പാർട്ടികളും മുന്നണികളും സൂഷ്മതയോടെയും ആതീവ ഗൗരവത്തോടെയുമാണ് സ്ഥാനാർഥികളെ കണ്ടെത്തുന്നത്. നിലമേൽ ഗ്രാമപ്പഞ്ചായത്ത് ഒഴികെ മറ്റ് ഏഴ് പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്.

ഭരണം നിലനിർത്താനും കൂടുതൽ സീറ്റ് നേടാനും ഇടതുമുന്നണിയിലെ പ്രധാനകക്ഷികളായ സി.പി.എമ്മും സി.പി.ഐ.യും തിരക്കിട്ട ചർച്ചകളിലാണ്.

നിലമേലിൽ ഭരണത്തുടർച്ചയ്ക്കും ചിതറ, ഇളമാട്, ഇട്ടിവ പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുക്കാനുമുള്ള ഭഗീരഥപ്രയത്നത്തിലാണ് യു.ഡി.എഫ്. എൽ.ഡി.എഫിന് മേൽക്കൈയുള്ള ചടയമംഗലത്ത് യു.ഡി.എഫ്. കരുതലോടെയാണ് നീങ്ങുന്നത്. പൊതുസമ്മതരെ സ്ഥാനാർഥിയാക്കി മത്സരരംഗം കൊഴുപ്പിക്കുകയാണ് ലക്ഷ്യം. ആർ.എസ്.പി. ക്കും രണ്ടുസീറ്റ് നൽകി. കഴിഞ്ഞതവണ ചടയമംഗലത്ത് എട്ട്‌ വാർഡുകളിൽ രണ്ടാംസ്ഥാനം നേടിയ ബി.ജെ.പി. ഇത്തവണ കൂടുതലും പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്. ചിതറ, ഇളമാട്, ഇട്ടിവ പഞ്ചായത്തുകളിൽ കൂടുതൽ സീറ്റുകൾ ഉറപ്പിക്കാനും ലക്ഷ്യമിടുന്നു. വർഷങ്ങളായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണി ഇത്തവണയും ഭൂരിപക്ഷം നേടുമെന്ന വിശ്വാസത്തിലാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിൽ വനിതാസംവരണമാണ്. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റിനെയും മുതിർന്ന വനിതാ നേതാവിനെയുമാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ പനച്ചവിള വാർഡിൽ അമ്മ ബി.ജെ.പി.യായും മകൾ സി.പി.എം. സ്ഥാനാർഥിയായും മത്സരിക്കുന്നെന്ന പ്രത്യേകതയുമുണ്ട്.