കൊട്ടിയം : മഹാമാരിയെ തടയാൻ നാടൊന്നാകെ ഒത്തുനിൽക്കുമ്പോൾ വെടിക്കെട്ടപകടം സമ്മാനിച്ച വേദനകൾ ഫിറോസ്ഖാൻ ശ്രദ്ധിക്കുന്നേയില്ല്ല.
പുറ്റിങ്ങൽ ദുരന്തം സമ്മാനിച്ച വേദനകൾക്കിടയിലും ലോക്ഡൗൺ ഡ്യൂട്ടിയിൽ വ്യാപൃതനാകുകയാണ് എ.എസ്.ഐ. ഫിറോസ്. കൊട്ടിയം സ്റ്റേഷനിലെ എ.എസ്.ഐ. മയ്യനാട് വെള്ളാപ്പിൽമുക്ക് കാവിന്റഴികത്ത് ഫിറോസ് ഖാനാണ് ദുരന്തത്തിൽ തകർന്ന കാലിന്റെ വേദനകൾ സഹിച്ച് കർമനിരതനാകുന്നത്.
പുറ്റിങ്ങൽ ദുരന്തം കഴിഞ്ഞ് നാലുവർഷം പിന്നിട്ടിട്ടും ഓരോ ചുവടുവയ്പിലും താങ്ങാനാകാത്ത വേദന സഹിച്ചാണ് ഫിറോസ് കഴിയുന്നത്. അന്ന് പരവൂരിൽ എ.എസ്.ഐ. ആയിരുന്ന ഫിറോസ് കമ്പപ്പുരയ്ക്ക് സമീപം ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് ദുരന്തത്തിൽപ്പെടുന്നത്. പൊട്ടിത്തെറിക്കിടെ തെറിച്ചുവീണ ഫിറോസിന്റെ വലതുകാൽ തകർന്നിരുന്നു. പാദം മുറിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു.
മുതുകിൽ സാരമായ പൊള്ളലും. ജീവൻ തിരിച്ചുകിട്ടിയെങ്കിലും കൊടിയവേദനയുടെ കാലമായിരുന്നു പിന്നീട്. കാലിലെ മാംസം പൂർണമായും നഷ്ടപ്പെട്ടതിനാൽ പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടിവന്നു. ഒന്നരവർഷത്തെ ചികിത്സയ്ക്കുശേഷമാണ് അല്പമെങ്കിലും നടക്കാനായത്. അപ്പോഴും വേദന കൂടെത്തന്നെയുണ്ടായിരുന്നു. ഫിസിയോ തെറാപ്പിയും തുടർചികിത്സകളും ഇപ്പോഴും ഉണ്ട്.