അഞ്ചാലുംമൂട് : കഞ്ചാവ്‌ ലഹരിയിലായ രണ്ടു യുവാക്കൾ അക്രമകാരികളായതിനെ തുടർന്ന് വനിതാ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി അഞ്ചാലുംമൂട് ജങ്‌ഷനിലാണ് സംഭവങ്ങൾക്ക് തുടക്കം. ആക്രമണവുമായി ബന്ധപ്പെട്ട് തൃക്കരുവ പ്രാക്കുളം തണലിടം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശക്തികുളങ്ങര കന്നിമേൽചേരി അയനിയിൽവീട്ടിൽ സൂരജ് (23), സുഹൃത്ത് ശക്തികുളങ്ങര പഴമ്പള്ളിമഠത്തിൽ ശരത് (23) എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറഞ്ഞത്: ചൊവ്വാഴ്ച രാത്രിയോടെ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനുമുന്നിൽവെച്ച് അഞ്ചാലുംമൂട്ടിൽ പൂക്കട നടത്തുന്ന അജിയുടെ കാറിൽ ഇടിച്ചു. ചോദ്യംചെയ്ത അജിയെ യുവാക്കൾ സംഘംചേർന്നു മർദിച്ചു. ഹെൽമെറ്റ് ഉപയോഗിച്ച്‌ തല അടിച്ചുപൊട്ടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ ബൈക്ക് മുന്നോട്ടെടുത്തപ്പോൾ തൃക്കരുവ സ്വദേശി ഉല്ലാസിന്റെ കാലിൽ ഇടിച്ചു. ഒട്ടേറെപ്പേർക്ക് യുവാക്കളുടെ അടിയേറ്റു. പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് യുവാക്കളെ പിടികൂടുകയായിരുന്നു.

സ്റ്റേഷനിലെത്തിയ യുവാക്കൾ അവിടെയും അക്രമം കാട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ വനിതാ സിവിൽ പോലീസ് ഓഫീസർ അജിമോളെ യൂണിഫോമിൽ പിടിച്ചുവലിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. സ്റ്റേഷനിലെ 5,000 രൂപ വിലവരുന്ന ഉപകരണങ്ങൾ അടിച്ചുതകർത്തു.

പരിക്കേറ്റ അജിമോൾ, ഉല്ലാസ്, അജി എന്നിവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകി. ഇരുസംഭവങ്ങൾക്കും പോലീസ് പ്രത്യേകം കേസെടുത്തിട്ടുണ്ട്. അഞ്ചാലുംമൂട് സ്റ്റേഷൻ എസ്.എച്ച്.ഒ. സി.ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ബി.ശ്യാം, എൻ.ജെ.ഹരികുമാർ, വി.ജയപ്രകാശൻ, എസ്.പ്രദീപ്കുമാർ, പി.എസ്.ലഗോഷ്‌കുമാർ, എ.എസ്.ഐ. വി.ബിജു, സി.പി.ഒ.മാരായ സുമേഷ്, വിക്ടർ, നജീബ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ്‌ ചെയ്തു.