കൊട്ടാരക്കര : ഗോഡ്‌സ് ലൗ ചാരിറ്റി ട്രസ്റ്റ് ഒൻപതാം വാർഷികവും സേവനപ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച 23-ാമത് വീടിന്റെ താക്കോൽദാനവും നടത്തി.

കരിക്കത്ത് മഴയിൽ തകർന്നുനിലംപൊത്താറായ കുടിലിൽ കഴിഞ്ഞിരുന്ന ഐപ്പള്ളൂർ സജിത്ത്‌കുമാർ-എലിസബത്ത് ദമ്പതിമാരുടെ കുടുംബത്തിനാണ് വീടുനൽകിയത്. രണ്ടു പെൺമക്കളുള്ള കുടുംബത്തിന്റെ വീടെന്ന സ്വപ്നമാണ് സാക്ഷാത്കരിച്ചത്.

പാസ്റ്റർ ടിനു ജോർജിന്റെ അധ്യക്ഷതയിൽ കെബി.ഗണേഷ്‌കുമാർ എം.എൽ.എ. ചടങ്ങ് ഉദ്ഘാടനവും താക്കോൽദാനവും നിർവഹിച്ചു. ദൈവമെന്നാൽ സ്നേഹമാണെന്നും കുർബാനയുടെ പേരിൽ തർക്കിക്കുന്നവർ ദൈവം നിന്റെ അരികിലുണ്ടെന്നു മനസ്സിലാക്കണമെന്നും എം.എൽ.എ. പറഞ്ഞു.

കൊട്ടാരക്കര നഗരസഭാധ്യക്ഷൻ എ.ഷാജു, മേലില ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് താര സജികുമാർ, വാർഡ് അംഗം കെ.ഷിജോമോൻ, സജികുമാർ, നഗരസഭാ കൗൺസിലർ സണ്ണി ജോർജ്, പഞ്ചായത്ത്‌ അംഗങ്ങളായ സുരേഷ്‌കുമാർ, എബ്രഹാം അലക്സാണ്ടർ, പാസ്റ്റർ ജിജി പി.മോഹൻ തുടങ്ങിയവർ സംസാരിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മാതൃകയായ ഡോ. അനിൽ തര്യനെ ചടങ്ങിൽ ആദരിച്ചു.