ചടയമംഗലം : കൊട്ടാരക്കര താലൂക്ക് വിഭജിച്ച് ചടയമംഗലം താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായി. രണ്ടുലക്ഷത്തിലധികം വോട്ടർമാരുള്ള നിയോജകമണ്ഡലമാണിത്.

വെളിനല്ലൂർ, ഇളമാട്, ചടയമംഗലം, നിലമേൽ, ഇട്ടിവ, അലയമൺ, കടയ്ക്കൽ, ചിതറ, കുമ്മിൾ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ചടയമംഗലം നിയോജകമണ്ഡലം. ജില്ലയുടെ കിഴക്കൻമേഖലയായ മടത്തറ ചല്ലിമുക്കിൽനിന്ന്‌ കൊട്ടാരക്കര താലൂക്ക് ആസ്ഥാനത്തെത്താൻ ആളുകൾ 45 കിലോമീറ്റർ യാത്രചെയ്യേണ്ട അവസ്ഥയാണ്.

വയോജനങ്ങളും സ്ത്രീകളും താലൂക്ക് ആസ്ഥാനത്തെത്താൻ ദുരിതമനുഭവിക്കുകയാണ്. 2000-ൽ അന്നത്തെ റവന്യൂമന്ത്രി പി.എസ്.ശ്രീനിവാസൻ താലൂക്ക് രൂപവത്കരണത്തിനു നിർദേശം നൽകിയെങ്കിലും പിന്നീട് നടപടികൾ പുരോഗമിച്ചില്ല. റവന്യൂ സെക്രട്ടറിമാരായ സെന്തിൽ, ഡി.ബാബു പോൾ എന്നിവരും ചടയമംഗലം താലൂക്ക് രൂപവത്കരണത്തിനു ശുപാർശ ചെയ്തിരുന്നു.