തകർന്ന പോസ്റ്റുകൾ നേരേയാക്കാനായില്ല
കുണ്ടറ : ബുധനാഴ്ച രാത്രിമുതൽ ഇടയ്ക്ക് മഴയോടൊപ്പം വീശുന്ന കാറ്റിൽ കടപുഴകിയ മരങ്ങൾ വൈദ്യുതി ബോർഡിന് വരുത്തിവെച്ചത് ലക്ഷങ്ങളുടെ നാശനഷ്ടം. ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ജീവനക്കാർ നാല് ദിവസമായി തകർന്ന വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായി പണിയെടുക്കുന്നത്.
ഏറ്റവും വലിയ നാശനഷ്ടമുണ്ടായത് കിഴക്കേ കല്ലട, കുണ്ടറ, എഴുകോൺ സെക്‌ഷനുകളുടെ പരിധിയിലാണ്. െറയിൽവേ സ്റ്റേഷനുമുന്നിലെ കൂറ്റൻ മരം വീണത് കുണ്ടറയിലെ ഏറ്റവുമധികം വൈദ്യുത ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ്. എഴുകോണിലേക്കുള്ള 11 കെ.വി. ഫീഡർ ലൈനുകൾക്കും നിരവധി വിതരണ കമ്പികളുമാണ് തകർന്നത്. ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരുന്ന നാല് തൂണുകളും ഒരു ഡബിൾ പോളുമടക്കം വലിയ നാശനഷ്ടമാണുണ്ടായത്. ഇവിടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ രണ്ടുദിവസമായി തുടരുകയാണ്.
മരങ്ങൾവീണ് കിഴക്കേ കല്ലടയിലേക്കും എഴുകോണിലേക്കുമുള്ള ഫീഡർ ലൈനുകൾ തകർന്നു. കുമ്പളം, പടപ്പക്കര, അലിൻഡ്, കല്ലുവിള ഭാഗങ്ങളിൽ മരങ്ങൾ വീണു. 17 വിതരണ പോസ്റ്റുകളും 15 ഫീഡർ പോസ്റ്റുകളും തകർന്നു. മൂന്ന് വിതരണ ട്രാൻസ്ഫോർമറുകൾക്ക് കേടുപറ്റി. ഇതിൽ ഒരെണ്ണം കേടുപാടുകൾതീർത്ത് പ്രവർത്തനസജ്ജമാക്കി. കിഴക്കേ കല്ലട, കൊടുവിള, ശിങ്കാരപ്പള്ളി, മൺറോത്തുരുത്ത്, മുളവന, കൈതക്കോട് ഭാഗങ്ങളിൽ നിരവധി മരങ്ങളാണ് വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് മറിഞ്ഞത്.
മാർത്താണ്ഡപുരത്ത് സർപ്പക്കാവിൽനിന്ന് കൂറ്റൻമരം വൈദ്യുതി ലൈനുകൾക്കും ദേശീയപാതയിലേക്കും മറിഞ്ഞുവീണു. പെരുമ്പുഴ സെക്‌ഷനിലെ രണ്ട് ഫീഡർ പോസ്റ്റുകളും ആറ് വിതരണ തൂണുകളും ഒടിഞ്ഞു. 30-ഓളം പോസ്റ്റുകൾ ചരിയുകയോ വീഴുകയോ ചെയ്തു. 20-ഓളം ഭാഗങ്ങളിൽ വലിയ മരങ്ങൾ വീണു. തകർന്ന തൂണുകളും വിതരണ കമ്പികളും മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികൾ നാലുദിവസത്തിനുശേഷവും തുടരുകയാണ്.