പരവൂർ : പരവൂർ നഗരസഭയിലെ വടക്കുംഭാഗം വാർഡിൽ ഒരു വയോധികയ്ക്കുകൂടി ശനിയാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചു.
വാർഡിലെ 90-കാരിക്കാണ് കോവിഡ് ബാധ. ഹൃദ്രോഗബാധയെ തുടർന്ന് ഇവരെ വെള്ളിയാഴ്ച വൈകീട്ട് കൊട്ടിയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ശനിയാഴ്ച പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വീട്ടിൽ ഒപ്പം താമസിച്ചിരുന്ന അഞ്ചു മക്കളെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച് സ്രവമെടുത്ത് പരിശോധനയ്ക്ക് നൽകി. വീടുവിട്ട് പുറത്തുപോകാത്ത ഇവർക്ക് കോവിഡ് എങ്ങനെ പിടിപെട്ടെന്ന് അറിവായിട്ടില്ല.
വിശദമായ സമ്പർക്കപ്പട്ടിക പോലീസ് തയ്യാറാക്കിവരികയാണ്. എന്നാൽ ഇവരുടെ ഒരു മകൾ എത്തിയിരുന്നതായി പറയപ്പെടുന്ന കോങ്ങാലിലെ റേഷൻ കട താത്‌കാലികമായി അടച്ചിടാൻ നിർദേശം നൽകിയതായി പരവൂർ എസ്.ഐ. വി.ജയകുമാർ അറിയിച്ചു.