ചാത്തന്നൂർ :കർഷകർക്ക് കൈത്താങ്ങായി നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് കൈകോർത്തതോടെ നടയ്ക്കൽ ബ്രാൻഡ് നെല്ലരി വിപണിയിലെത്തി.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ദീർഘകാലം തരിശുകിടന്നിരുന്ന എഴിപ്പുറം ഗുരുനാഗപ്പൻ പുഞ്ചപ്പാടത്ത് 12 ഏക്കർ നിലമൊരുക്കി നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൃഷിയിറക്കുകയായിരുന്നു.

കാർഷികമേഖലയായ കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിന്റെ നെൽക്കൃഷി സംസ്കാരം വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ബാങ്ക് കൃഷി ചെയ്തത്.

കൃഷി വകുപ്പിന്റെയും ജനകീയസഹകരണത്തോടെയുമാണ് 20 വർഷത്തോളം തരിശായിക്കിടന്ന 12 ഏക്കറിൽ കൃഷിയിറക്കിയത്. 400 പേർക്ക് 122 ദിവസത്തെ തൊഴിൽ നൽകിയാണ് പദ്ധതി നടപ്പാക്കിയത്.

ഇവിടെനിന്ന് 7.5 ടൺ നെല്ല് ഉത്‌പാദിപ്പിച്ചു. മൂന്ന് ടൺ നെല്ല് സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷനും നൽകി. നാല് ടൺ നെല്ല് ആലപ്പുഴ ചമ്പക്കുളം കൂലിപ്പുരയ്ക്കൽ റൈസ് മില്ലിൽ പരമ്പരാഗതരീതിയിൽ നെല്ലുകുത്തി അരിയാക്കി നടയ്ക്കൽ ബ്രാൻഡ് വിപണിയിൽ എത്തിക്കുകയായിരുന്നു.

അരി, പൊടിയരി, തവിട് കളയാത്ത അരി എന്നീ മൂന്നുതരം ലഭ്യമാണ്. കൂടാതെ നടയ്ക്കൽ ബ്രാൻഡ് പുട്ടുപൊടിയും ഒരുക്കിയിട്ടുണ്ട്. അരി കിലോ 50 രൂപ, തവിടുകളയാത്തത് കിലോ 60 രൂപ, പൊടിയരി കിലോ 30 രൂപ, പച്ചരി 40 രൂപ എന്ന നിരക്കിലാണ് വിപണനം. അരി അഞ്ചുകിലോ 250 രൂപ, പത്തുകിലോ 500 രൂപ പാക്കുകൾ ലഭ്യമാണ്.

നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ശാഖകളിലൂടെയും ബാങ്ക് ഹെഡ് ഓഫീസിന്‌ മുൻപിലുള്ള കൂപ്പ്മാർട്ട് വെജിറ്റബിൾ സ്റ്റാളിൽനിന്നും നടയ്ക്കൽ ബ്രാൻഡ് ഉത്പന്നങ്ങൾ ലഭിക്കുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് കൃഷിചെയ്ത് ഉത്‌പാദിപ്പിച്ച നടയ്ക്കൽ ബ്രാൻഡ് നെല്ലരിയുടെ വിപണനോദ്ഘാടനം നോർക്ക റൂട്സ് വൈസ് ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു.

ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വി.ഗണേശ് അധ്യക്ഷനായി.

ഭരണസമിതി അംഗം രാജേഷ്, രാജുകൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ എസ്.ധർമപാലൻ, പുരുഷോത്തമക്കുറുപ്പ്, പി.എം.രാധാകൃഷ്ണൻ, വി.എസ്.രാജവല്ലി, രാകേഷ്, സുധീർകുമാർ പ്രമോദ്, ബാങ്ക് സെക്രട്ടറി കെ.രാജി തുടങ്ങിയവർ പങ്കെടുത്തു.

ബാങ്കിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട കൃഷിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ബാങ്ക് പ്രസിഡന്റ് പറഞ്ഞു.