തെന്മല : കോവിഡും മഴയും കാരണം ഇടയ്ക്കിടെ അടച്ചിടേണ്ടിവന്നെങ്കിലും തെന്മല, ആര്യങ്കാവ് മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വീണ്ടും ഉണർന്നുതുടങ്ങി. കഴിഞ്ഞ രണ്ടുദിവസമായി ഇക്കോടൂറിസത്തിന്റെയും ശെന്തുരുണിയുടെയും ബോട്ടിങ്ങിനും കുട്ടവഞ്ചി സഫാരിക്കും തിരക്കേറിയിട്ടുണ്ട്.

മഴയെത്തുടർന്ന് പള്ളംവെട്ടി എർത്ത് ഡാം ഭാഗത്ത് ജലനിരപ്പ് ഉയർന്നുനിൽക്കുന്നതും സഞ്ചാരികൾക്ക്‌ പ്രത്യേക കാഴ്ചയാണ് നൽകുന്നത്. ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽമഴയും സഞ്ചാരികൾക്ക് പ്രത്യേക ആനന്ദം നൽകുന്നുണ്ട്.

നിലവിൽ കുട്ടവഞ്ചിയാത്രയ്ക്ക് ഒരാൾക്ക് നൂറുരൂപയും ഇക്കോടൂറിസത്തിന്റെ ബോട്ടിങ്ങിന് 270-മാണ്. ആര്യങ്കാവ് പാലരുവി ജലപാതത്തിലും സഞ്ചാരികളുടെ തിരക്കുണ്ട്. മൂന്നുദിവസമായി വൈകുന്നേരങ്ങളിൽ പ്രദേശത്ത് കനത്ത മഴയുമുണ്ട്.