കരുനാഗപ്പള്ളി : തിരഞ്ഞെടുപ്പ് നടന്ന പോളിങ് സ്റ്റേഷനുകളെല്ലാം ഒറ്റദിവസംകൊണ്ട് വൃത്തിയാക്കി. തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമസേനയാണ് ഈ ഉദ്യമത്തിനു പിന്നിൽ.

അതത് തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഓരോ പോളിങ് സ്റ്റേഷനും വൃത്തിയാക്കുന്ന ജോലി ബുധനാഴ്ച രാവിലെതന്നെ തുടങ്ങിയിരുന്നു. ഹരിതചട്ടം പാലിച്ചു സ്ഥാപിച്ച പ്രചാരണോപാധികൾക്ക് പുറമേയാണ് ഓരോ പോളിങ്‌ സ്റ്റേഷനും ക്ലീനാക്കുന്ന പ്രവർത്തനംകൂടി ഹരിതകർമസേന ഏറ്റെടുത്തത്.

കരുനാഗപ്പള്ളി നഗരസഭയിൽ 31 ബൂത്തുകളിലായി 43 സേനാംഗങ്ങളെയാണ് ഇതിനായി വിന്യസിച്ചിരുന്നതെന്ന് നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. പി.മീന പറഞ്ഞു. സേനാ അംഗങ്ങളുടെ നേതൃത്വത്തിൽ വോട്ടെടുപ്പിന് തലേദിവസംതന്നെ പോളിങ്‌ സ്റ്റേഷനുകളിൽ ഹരിതചട്ടപ്രകാരമുള്ള പ്രചാരണോപാധികൾ സ്ഥാപിച്ചിരുന്നു.

മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഓലകൊണ്ട് നിർമിച്ച വല്ലങ്ങൾ ഓരോ ബൂത്തിലും സ്ഥാപിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി വോട്ട്‌ ചെയ്യാൻ എത്തുന്നവർക്ക് ഗ്ലൗസ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളും ബൂത്തുകളിൽ ലഭ്യമാക്കിയിരുന്നു.

മാലിന്യങ്ങൾ ജൈവം, പ്ലാസ്റ്റിക്, ബയോമെഡിക്കൽ, പേപ്പർ എന്നിങ്ങനെ പ്രത്യേകമായാണ് ശേഖരിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുശേഷം ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയ സംസ്കരണത്തിനായി നഗരസഭയുടെ പ്രത്യേക വാഹനത്തിൽ മാലിന്യസംസ്കരണ പ്ലാന്റിലേക്ക് മാറ്റി. പോളിങ് സ്റ്റേഷനുകളായി തീരുമാനിച്ച സ്കൂൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റാൻ അംഗങ്ങൾക്ക്‌ പ്രത്യേക വേതനവും നഗരസഭ അനുവദിച്ചിരുന്നു.

പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ച ഡെപ്യൂട്ടി കളക്ടർ ശിഖ സുരേന്ദ്രൻ സേനയുടെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു.