സമീപത്തെ വീടിന്റെ മതിലും കാറിന്റെ ചില്ലും തകർന്നു

പരവൂർ ‍ : നെടുങ്ങോലത്ത് കാറിടിച്ച് ഓട്ടോറിക്ഷയും മതിലും തകർന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ കുറുമണ്ടൽ മാനസസരോവറിൽ സുനിൽകുമാറി(52)നെയും കാർ ഓടിച്ചിരുന്ന പട്ടാമ്പി സ്വദേശി ശരത്തിനെ(20)യും നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെടുങ്ങോലം ശിവശക്തിയിൽ സുരേഷിന്റെ മതിലും കാറിന്റെ ചില്ലുമാണ് തകർന്നത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കഴിഞ്ഞ രോഗിയെ കൊണ്ടുവരാനായി ഓട്ടോറിക്ഷയുമായി നെടുങ്ങോലത്തേക്ക് വരികയായിരുന്നു സുനിൽകുമാർ.

ചാത്തന്നൂരിൽനിന്ന്‌ വേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറയുന്നു.

റിക്ഷ ഭാഗികമായി തകർന്നു. സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് ഓട്ടോ നിന്നത്. മതിലിന്റെ ഒരു ഭാഗം തകർന്നുവീണ്‌ കാർപോർച്ചിൽ കിടന്ന കാറിന്റെ ചില്ലു തകർന്നു. ബൈക്കിനും തകരാർ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.