കൊട്ടാരക്കര : തിരഞ്ഞെടുപ്പുസാമഗ്രികൾ തിരികെ എൽപ്പിക്കുമ്പോഴുണ്ടായ തിക്കും തിരക്കും കൊട്ടാരക്കര എസ്.ജി.കോളേജിലെ തിരഞ്ഞെടുപ്പുകേന്ദ്രത്തിൽ ഉദ്യോഗസ്ഥരെ വലച്ചു. എല്ലാവിധ കോവിഡ്‌ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തുന്നതായിരുന്നു തിരക്ക്.

കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലെ നൂറുകണക്കിന് ഉദ്യോഗസ്ഥർ ഒരുമിച്ച് തിരഞ്ഞെടുപ്പുസാമഗ്രികളുമായി എത്തിയതും വാഹനങ്ങളുടെ തിരക്കും എല്ലാംകൂടി ബഹളമയമായി.

വോട്ടിങ് പൂർത്തിയാക്കി യഥാസമയം സെന്ററിൽ എത്തിയവർക്കുപോലും സാമഗ്രികൾ ഏൽപ്പിച്ചിട്ട് പുറത്തുകടക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. മിക്കവരും പുലർച്ചയോടെയാണ് വീടുകളിലെത്തിയത്.

ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഉദ്യോഗസ്ഥർ വലഞ്ഞു. തിരികെപ്പോകാൻ വാഹനങ്ങൾ ലഭിക്കാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വലഞ്ഞു.

തിരഞ്ഞെടുപ്പുസാമഗ്രികളുടെ വിതരണസമയത്തും ഇതേ തിക്കുംതിരക്കും അനുഭവപ്പെട്ടിരുന്നു.

ഇതു മനസ്സിലാക്കി രാത്രിയിലെ തിരക്കൊഴിവാക്കാൻ ഒരു ക്രമീകരണവും ഏർപ്പെടുത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. മുമ്പ് കൊട്ടാരക്കര ബോയ്‌സ് സ്കൂളായിരുന്നു വോട്ടെണ്ണൽ കേന്ദ്രമായി ഉപയോഗിച്ചിരുന്നത്. അവിടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് എസ്.ജി.കോളേജിലേക്ക്‌ മാറ്റിയത്.