:കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർഥി ബിന്ദുകൃഷ്ണയും കരുനാഗപ്പള്ളിയിലെ എൻ.ഡി.എ. സ്ഥാനാർഥി ബിറ്റി സുധീറും തങ്ങളുടെ വീടുകളിൽ ചെലവഴിച്ചു. ഒരുമാസത്തിലേറെയായി കാര്യമായി വൃത്തിയാക്കലുകൾ ഇല്ലാതിരുന്ന വീട് ബിന്ദുകൃഷ്ണ കുടുംബാംഗങ്ങൾക്കൊപ്പം ശുചീകരിച്ചു. മാറ്റിവയ്ക്കേണ്ടിവന്ന വീട്ടുകാര്യങ്ങൾ കുറച്ചൊക്കെ ചെയ്തു. നേതാക്കളും പ്രവർത്തകരും വീട്ടിലെത്തിക്കൊണ്ടിരുന്നു. അവരുമായി ചെറിയ ചർച്ചകൾ. വൈകീട്ട് മരണവീട്ടിൽ സന്ദർശനം.

ബിറ്റി സുധീർ രാവിലെ കളക്ടറേറ്റിലെ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് മുഖത്തലയിലെ വീട്ടിലേക്ക് മടക്കം. സ്ഥാനാർഥിപ്രഖ്യാപനത്തോടെ കരുനാഗപ്പള്ളിയിൽ എത്തിയശേഷം തിരികെ വീട്ടിലേക്കുപോകുന്നത് ബുധനാഴ്ചയാണ്. അടുത്തദിവസങ്ങളിൽ വീണ്ടും മണ്ഡലത്തിൽ സജീവമാകും.

കൊല്ലം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.മുകേഷ് കൂടുതൽനേരം വീട്ടിലും പരിസരത്തുമായി ചെലവഴിച്ചു. അത്യാവശ്യസാധനങ്ങൾ വാങ്ങാനായി ടൗണിലേക്കു പോയിരുന്നു. വീടിനടുത്തുള്ള ബൂത്തുകളും സന്ദർശിച്ചു. ഉച്ചയ്ക്കുശേഷം മൂന്ന് മരണവീടുകളിൽ പോയി. അടുത്ത ദിവസങ്ങളിൽ ബൂത്തുകൾ സന്ദർശിക്കുകയും പ്രവർത്തകരും നേതാക്കളുമായും ചർച്ച നടത്തുകയും ചെയ്യും. എൻ.ഡി.എ. സ്ഥാനാർഥി എം.സുനിൽ രാവിലെതന്നെ പാർട്ടി ഓഫീസിലെത്തി തിരഞ്ഞെടുപ്പ് വിലയിരുത്തി. അസുഖബാധിതരായ പ്രവർത്തകരുടെ വീടുകളിൽ സന്ദർശിച്ചു. വൈകീട്ടോടെ കുരീപ്പുഴയിലെ വീട്ടിലെത്തി വിശ്രമം.

കുന്നത്തൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ രാവിലെമുതൽ മരണവീടുകൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിയാതിരുന്ന വിവിധ മേഖലകളിലെ ഇടതുപക്ഷനേതാക്കളെയും പ്രവർത്തകരെയും നേരിൽക്കണ്ടു. തുടർന്ന് തിരഞ്ഞെടുപ്പ് അവലോകനം നടത്തി.

കൈതക്കോട്ടുനിന്ന്‌ കോൺഗ്രസ് പ്രവർത്തകനെ അകാരണമായി അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ പ്രതിഷേധത്തോടൊപ്പമായിരുന്നു രാവിലെ മുതൽ യു.ഡി.എഫ്. സ്ഥാനാർഥി ഉല്ലാസ് കോവൂർ. പ്രവർത്തകർക്കൊപ്പം എഴുകോൺ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്. ഇതിനിടയിൽ മണ്ഡലത്തിലെ മരണവീടുകളും സന്ദർശിച്ചു. ഉച്ചയ്ക്കുശേഷം യു.ഡി.എഫ്. നേതാക്കളുമായി തിരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ചകൾ. എൻ.ഡി.എ. സ്ഥാനാർഥി രാജി പ്രസാദ് രാവിലെ ശാസ്താംകോട്ടയിലെ ആശുപത്രിയിൽ കഴിയുന്ന പ്രാദേശികനേതാവിനെ സന്ദർശിച്ചു. പിന്നീട് മണ്ഡലത്തിലെ മരണവീടുകളിൽ പോയി. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ്‌ അവലോകനയോഗത്തിലും പങ്കെടുത്തു. സംസ്ഥാന നേതാക്കളുമായി തിരഞ്ഞെടുപ്പു വിലയിരുത്തലിനും സമയം കണ്ടെത്തി.

ചടയമംഗലത്തെ ഇടതുമുന്നണി സ്ഥാനാർഥി ചിഞ്ചുറാണി മണ്ഡലത്തിലെ മരണവീടുകൾ സന്ദർശിച്ചു. തുടർന്ന് പ്രവർത്തകരുമായി ആശയവിനിമയം നടത്തി.

യു.ഡി.എഫ്. സ്ഥാനാർഥി എം.എം.നസീർ വാഹനാപകടത്തിൽ മരിച്ച അമ്പിളിയുടെ വീട് സന്ദർശിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് അവലോകനങ്ങളും ചർച്ചകളുമായി തിരക്കിൽ. എൻ.ഡി.എ. സ്ഥാനാർഥി വിഷ്ണു പട്ടത്താനം ഏതാനും ബി.ജെ.പി. പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു. മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുമായി ആശയവിനിമയം നടത്തി.

പത്തനാപുരത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ബി.ഗണേഷ്‌കുമാർ എൽ.ഡി.എഫിന്റെ പാർട്ടി ഓഫീസുകൾ സന്ദർശിച്ച് ബൂത്തുകളിലെ വോട്ടുനിലവാരം ചർച്ച ചെയ്തു. മരണവീടുകൾ സന്ദർശിച്ചു. ഓഫീസിൽ വിവിധ ആവശ്യങ്ങളുമായി എത്തിയവരുമായി സംസാരിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല വിവിധ പാർട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി. വിവിധ ബൂത്തുകളിലെ വോട്ടിങ് നിലവാരം പരിശോധിച്ചു. മരണവീടുകൾ സന്ദർശിച്ചു.

കോവിഡ് ബാധിതനായി കമുകുംചേരിയിലെ വീട്ടിൽ വിശ്രമിക്കുന്ന എൻ.ഡി.എ. സ്ഥാനാർഥി വി.എസ്.ജിതിൻ ദേവ് ഫോണിൽ പ്രവർത്തകരുമായി സംസാരിച്ചു. മണ്ഡലം ഭാരവാഹികളുമായി ഫോണിൽ ചർച്ച നടത്തി. ബൂത്ത്‌ അടിസ്ഥാനത്തിൽ ലഭിക്കേണ്ട വോട്ടുകളുടെ വിവരശേഖരണം നടത്തി.

ചവറയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സുജിത് വിജയൻ പിള്ള വിവാഹവീടുകളും മരണവീടുകളും സന്ദർശിച്ചു. ബൈക്കപകടങ്ങളിൽപ്പെട്ട് വിശ്രമത്തിലായ പ്രവർത്തകരെ സന്ദർശിച്ചു. ഷിബു ബേബി ജോൺ രണ്ടുദിവസമായി പോകാൻ പറ്റാതിരുന്ന വിവാഹവീടുകളും മരണവീടുകളും സന്ദർശിച്ചശേഷം തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിരുവനന്തപുരത്തേക്ക് പോയി.

ഷൂട്ടിങ് തിരക്കിലേക്ക് വിവേക്

:ചവറയിലെ എൻ.ഡി.എ. സ്ഥാനാർഥി വിവേക് ഗോപൻ സീരിയൽ ചിത്രീകരണത്തിനായി ചൊവ്വാഴ്ച രാത്രിതന്നെ തൊടുപുഴയിലേക്ക് പോയി. നാലുദിവസത്തെ ഷൂട്ടിങ്ങിനുശേഷം മണ്ഡലത്തിൽ തിരികെയെത്തും.

അമ്മയുടെ ഓർമദിനം;

രാമചന്ദ്രൻ വീട്ടിൽത്തന്നെ

:കരുനാഗപ്പള്ളിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ആർ.രാമചന്ദ്രൻ ബുധനാഴ്ച അമ്മയുടെ ഓർമദിനമായതിനാൽ വൈകീട്ടുവരെയും വീട്ടിൽത്തന്നെ ചെലവഴിച്ചു. അതിരാവിലെ മരണവീടുകളിൽ സന്ദർശനം നടത്തിയിരുന്നു. വീട്ടിലെത്തിയ പാർട്ടി പ്രവർത്തകരും നേതാക്കളുമായി തിരഞ്ഞെടുപ്പുചർച്ചകൾ. വൈകീട്ട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പരാതിക്കാരെ

നേരിട്ടുകാണാൻ

:യു.ഡി.എഫ്. സ്ഥാനാർഥി സി.ആർ.മഹേഷ് രാവിലെ മരണവീടുകൾ സന്ദർശിച്ചു. തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി സന്ദർശിച്ച സ്ഥലങ്ങളിലെ വോട്ടർമാർ ചില പരാതികൾ ഉന്നയിച്ചിരുന്നു. ബുധനാഴ്ച ഇവരെ നേരിട്ടുകാണാനുള്ള ശ്രമം. കഴിയുന്നത്ര പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാൻ ശ്രമിക്കുമെന്ന്‌ ഉറപ്പുനൽകി. വൈകീട്ട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ക്ഷേത്രങ്ങൾ സന്ദർശിച്ച്

സ്ഥാനാർഥികൾ

തിരഞ്ഞെടുപ്പിന്റെ അടുത്തദിവസം ക്ഷേത്രസന്ദർശനത്തിനാണ് ചില സ്ഥാനാർഥികൾ മുൻഗണന നൽകിയത്. ചാത്തന്നൂർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പീതാംബരക്കുറുപ്പ് ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തിൽ ദർശനം നടത്തി. എൻ.ഡി.എ. സ്ഥാനാർഥി ബി.ബി.ഗോപകുമാർ മേവനക്കോണം തിരുനെട്ടറക്കാവ് ക്ഷേത്രം, കൊച്ചുവെട്ടിക്കുന്ന് ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി. ക്ഷേത്രസന്ദർശനത്തിനുശേഷം പീതാംബരക്കുറുപ്പ് ഇലക്‌ഷൻ കമ്മിറ്റി ഓഫീസിൽ അവലോകനയോഗത്തിൽ പങ്കെടുത്തു. ഉച്ചയോടെ മരണവീടുകൾ സന്ദർശിച്ചു. യോഗങ്ങളിലും പങ്കെടുത്തു. ബി.ബി.ഗോപകുമാർ മീനാട്ടെ വീടിനു സമീപത്തുള്ള വിവാഹനിശ്ചയത്തിൽ പങ്കെടുത്തു. കടയ്ക്കലിൽ ബി.ജെ.പി. പ്രവർത്തകനുനേരേ ബോംബേറ് നടന്ന സ്ഥലം സന്ദർശിച്ചു. വിവിധ സ്ഥലങ്ങളിലെ മരണവീടുകളും സന്ദർശിച്ചു.

എൽ.ഡി.എഫ്. സ്ഥാനാർഥി ജി.എസ്.ജയലാൽ പൂതക്കുളം, മീനമ്പലം, പാരിപ്പള്ളി മേഖലകളിലെ മരണവീടുകൾ സന്ദർശിച്ചു. വൈകീട്ട് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ പങ്കെടുത്തു.

ഇരവിപുരം : എം.നൗഷാദ് പതിവുപോലെ തിരക്കിലായിരുന്നു. രാവിലെമുതൽ നിരവധി ആവശ്യങ്ങളുമായെത്തിയവരെ കണ്ടു. പ്രശ്നപരിഹാരങ്ങളുണ്ടാക്കി. പതിനൊന്നരയോടെ എം.എൽ.എ.ഓഫീസിലെത്തി. ഉച്ചവരെ ഓഫീസ് പ്രവർത്തനങ്ങളിൽ പങ്കാളിയായി. വീട്ടിലെത്തി ഉച്ചഭക്ഷണത്തിനുശേഷം മരണവീടുകൾ സന്ദർശിച്ചു. വൈകീട്ടോടെ ഇലക്‌ഷൻ കമ്മിറ്റി ഓഫീസിലെത്തി മേഖലകൾ തിരിച്ചുള്ള അവലോകനം നടത്തി. ബാബു ദിവാകരൻ കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാം ഡോസ് എടുത്തു. രണ്ട് മരണവീടുകൾ സന്ദർശിച്ചശേഷം വിശ്രമത്തിലായിരുന്നു. ഫോണിൽ പ്രധാന പ്രവർത്തകരെ ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് അവലോകനം നടത്തി. രഞ്ജിത്ത് രവീന്ദ്രൻ ബൂത്തുതലത്തിലെത്തി പ്രധാന പ്രവർത്തകരെ കണ്ടു. തിരഞ്ഞെടുപ്പ് അവലോകനം നടത്തി.

കുടുംബസമേതം

സിനിമകണ്ട് സുപാൽ

:പുനലൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി പി.എസ്.സുപാൽ രാവിലെ സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും മണ്ഡലം, ഏരിയ കമ്മിറ്റി ഓഫീസുകൾ സന്ദർശിച്ചു. നേതാക്കളും പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പുനലൂർ പ്ലാത്തറയിലും അഞ്ചലിലും മരണവീടുകൾ സന്ദർശിച്ചു. ഒരുമാസത്തിലേറെയായുള്ള തിരഞ്ഞെടുപ്പുചൂടിൽനിന്നൊഴിഞ്ഞ് വൈകുന്നേരം കുടുംബസമേതം അഞ്ചലിലെ തിയേറ്ററിൽ സിനിമ കണ്ടു.

യു.ഡി.എഫ്. സ്ഥാനാർഥി അബ്ദുറഹിമാൻ രണ്ടത്താണി രാവിലെ അഞ്ചലിൽ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. പിന്നീട് യു.ഡി.എഫ്. ഓഫീസിലെത്തി നേതാക്കളും പ്രവർത്തകരുമായി ചർച്ച നടത്തി. ഉച്ചതിരിഞ്ഞ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെക്കണ്ട്‌ ചർച്ച നടത്തി.

എൻ.ഡി.എ. സ്ഥാനാർഥി ആയൂർ മുരളി രാവിലെ വീട്ടിൽ പ്രവർത്തകരുമായി സമയം ചെലവഴിച്ചു. ഉച്ചയ്ക്ക് ആയൂർ പട്ടണത്തിൽ ഷോപ്പിങ് നടത്തി. വൈകീട്ട് വീണ്ടും പ്രവർത്തകരുമായി തിരഞ്ഞെടുപ്പുകാര്യങ്ങൾ ചർച്ച ചെയ്തു.

ബാലഗോപാലിന്

ഇന്നലെയും തിരക്ക്

:ഇടതുമുന്നണി സ്ഥാനാർഥി കെ.എൻ.ബാലഗോപാലിന് കഴിഞ്ഞ ദിവസവും തിരക്കിന്റെ ദിനമായിരുന്നു. രാവിലെ കൊട്ടാരക്കരയിൽ പാർട്ടി ഓഫീസിലെത്തി പ്രധാന നേതാക്കളുമായും പ്രവർത്തകരുമായും ചർച്ച നടത്തി. വാളകം, പൂവറ്റൂർ, മാവടി, കൊട്ടാരക്കര എന്നിവടങ്ങളിൽ മരണവീടുകൾ സന്ദർശിച്ചു. എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റി നേതാക്കളെ കണ്ട് അവലോകനം നടത്തി. വൈകീട്ട് കൊല്ലത്ത് ജില്ലാ കമ്മിറ്റി ഓഫീസിലും എ.കെ.ജി.സെന്ററിലും വീണ്ടും ചർച്ച.

യു.ഡി.എഫ്. സ്ഥാനാർഥി ആർ.രശ്മി ബുധനാഴ്ച രാവിലെ പള്ളിക്കൽ, താഴത്തുകുളക്കട, ഉടയൻകാവ് എന്നിവടങ്ങളിൽ മരണവീടുകൾ സന്ദർശിച്ചു. മണ്ഡലം നേതാക്കളെയും പ്രധാന പ്രവർത്തകരെയും ഫോണിൽ ബന്ധപ്പെട്ട് പ്രാഥമിക അവലോകനം നടത്തി. എൻ.ഡി.എ. സ്ഥാനാർഥി വയയ്ക്കൽ സോമൻ വയയ്ക്കലിൽ വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു. കൊട്ടാരക്കരയിൽ വക്കീൽ ഓഫീസിലും എത്തി. കൊട്ടാരക്കരയിൽ പാർട്ടി ഓഫീസിലെത്തി നേതാക്കളുമായും പ്രവർത്തകരുമായും ചർച്ച നടത്തി.

: എൻ.ഡി.എ.സ്ഥാനാർഥി വനജാവിദ്യാധരന് തിരഞ്ഞെടുപ്പിന്റെ തിരക്കൊഴിഞ്ഞതോടെ ഉച്ചവരെ വിശ്രമമായിരുന്നു. ഉച്ചയ്ക്കുശേഷം മണ്ഡലത്തിലെ പ്രവർത്തകർക്ക് നന്ദിപ്രകാശിപ്പിക്കുന്നതിന് കൂടിച്ചേരൽ നടത്തി. സന്ധ്യയോടെ വീട്ടിലേക്ക് തിരിച്ചു. ദീർഘമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കഴിഞ്ഞ് ഒരുമാസത്തിനുശേഷം രാത്രി 9.30-ഓടെ വീട്ടിലെത്തി.

എൽ.ഡി.എഫ്. സ്ഥാനാർഥി ജെ.മേഴ്‌സിക്കുട്ടിയമ്മ രാവിലെ മാതൃഭൂമി ന്യൂസിന് അഭിമുഖം നൽകിക്കൊണ്ടായിരുന്നു തുടക്കം. തുടർന്ന് ഫോൺവഴിയും നേരിട്ടും നിവേദനങ്ങൾ സ്വീകരിച്ചു. സഹോദരിയുടെ മകൾക്ക് കുഞ്ഞുജനിച്ചു. മകളുടെ പിറന്നാൾദിനത്തിൽത്തന്നെയായിരുന്നു കുഞ്ഞിന്റെ ജനനം. ഇതിന്റെ സന്തോഷം പങ്കുവെച്ചു. കൂടുതൽസമയവും പരാതികൾ സ്വീകരിക്കാനായാണ് ചെലവഴിച്ചത്. രാത്രി കേരളപുരത്തെ വീട്ടിൽ വാർത്തകൾ കണ്ടും പുസ്തകങ്ങൾ വായിച്ചും ചെലവഴിച്ചു.

കുണ്ടറമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പി.സി.വിഷ്ണുനാഥ്‌ രാവിലെമുതൽ മണ്ഡലത്തിൽ സജീവമായിരുന്നു. മരണവിടുകൾ സന്ദർശിച്ചു, വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു. കുണ്ടറയിലെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ മുതിർന്ന നേതാക്കളുമായി തിരഞ്ഞെടുപ്പിനെക്കുറിച്ച് വിലയിരുത്തൽ നടത്തി. പഞ്ചായത്തുതിരിച്ചുള്ള വോട്ടിങ് ശതമാനവും കണക്കുകളും ശേഖരിച്ചു. വൈകീട്ട് വീണ്ടും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി യു.ഡി.എഫ്. നേതാക്കളും പ്രവർത്തകരുമായി തിരഞ്ഞെടുപ്പ് വിവരങ്ങൾ പങ്കുവെച്ചു.