എൽ.ഡി.എഫും യു.ഡി.എഫും വിജയപ്രതീക്ഷയിൽ; മുന്നേറ്റം പ്രതീക്ഷിച്ച്‌ ബി.ജെ.പി.യും

കൊട്ടാരക്കര : യന്ത്രങ്ങളിൽ ജനവിധി ഉറങ്ങുമ്പോൾ നേതാക്കളും പ്രവർത്തകരും വിജയംവരുന്നവഴി തേടിയുള്ള ചിന്തകളിലാണ്. ഓരോ ബൂത്തിലെയും വോട്ട്‌ വിവരങ്ങൾ സൂക്ഷ്മമായി പഠിച്ച് വിജയിക്കാൻ കഴിയുമോയെന്ന പരിശോധനയിലാണ് പ്രാദേശിക ഭാരവാഹികൾ. വ്യാഴാഴ്ച മണ്ഡലം നേതാക്കൾക്കുമുന്നിൽ കണക്കുകളെത്തും മൂന്നു മുന്നണികളുടെയും ഔദ്യോഗിക കണക്കെടുപ്പ് അടുത്ത ദിവസങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും പ്രാഥമിക കണക്കെടുപ്പിൽ വിജയിക്കാനുള്ള വോട്ട് ലഭിച്ചെന്നുതന്നെയാണ് പ്രധാന മുന്നണി നേതാക്കളുടെയെല്ലാം വിലയിരുത്തൽ.

വോട്ടെടുപ്പ്‌ ദിനത്തിൽ എൻ.എസ്.എസ്. ജന. സെക്രട്ടറി പി.കെ.സുകുമാരൻ നായരുടെ പ്രസ്താവനമുതൽ പ്രാദേശിക വിവാദങ്ങൾവരെ ഏതെല്ലാം രീതിയിൽ സ്വാധീനിച്ചു എന്നതിൽ ആശങ്ക എല്ലാവരിലുമുണ്ട്. അടിയൊഴുക്കുകളും തരംഗവും ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കുമ്പോഴും ആർക്ക് അനുകൂലമാണെന്ന കാര്യത്തിൽ വ്യക്തതയില്ല. നിശ്ശബ്ദമായ സ്ത്രീവോട്ടുകൾ തങ്ങൾക്കനുകൂലമാണെന്നു യു.ഡി.എഫും തുടർഭരണത്തിനനുകൂലമായ ജനവിധിയെന്നു എൽ.ഡി.എഫും അവകാശപ്പെടുന്നു. ന്യൂജൻ വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീണിട്ടുണ്ടെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ

ഭൂരിപക്ഷം 25000 കവിയുമെന്ന് എൽ.ഡി.എഫ്.

:മത്സരം കടുത്തതായിരുെന്നന്നു വിലയിരുത്തുമ്പോഴും ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും മുന്നിലെത്തുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. മണ്ഡലതല അവലോകനം നടന്നില്ലെങ്കിലും ഇരുപത്തി അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷമുണ്ടാകുമെന്നാണ് ആദ്യ വിലയിരുത്തൽ. ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ നേതൃത്വത്തിന് സംശയമില്ല. സംസ്ഥാനത്തൊട്ടാകെയുണ്ടായിരുന്ന ചില എതിർ സാഹചര്യങ്ങൾ മണ്ഡലത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അതിനാൽ മുൻ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്ന ഭൂരിപക്ഷം ലഭിക്കില്ലെന്ന വിലയിരുത്തലുമുണ്ട്.

ബി.ജെ.പി. വോട്ടുകൾ ചില കേന്ദ്രങ്ങളിലെങ്കിലും യു.ഡി.എഫിന് അനുകൂലമായിട്ടുണ്ടോ എന്ന സംശയവുമുണ്ട്. ചിട്ടയായ പ്രചാരണവും വീടുകൾ കയറിയുള്ള വോട്ട്‌ അഭ്യർഥനയും ഗുണംചെയ്തു. ഇടതുമുന്നണി സർക്കാരിനു തുടർഭരണം ലഭിച്ചാൽ മന്ത്രിസഭയിൽ പ്രമുഖസ്ഥാനം കെ.എൻ.ബാലഗോപാലിനു ലഭിക്കാനുള്ള സാധ്യതയും വിജയം ഉറപ്പിക്കുന്നതായി നേതാക്കൾ പറയുന്നു

അടിയൊഴുക്കുകൾ അനുകൂലമെന്നു യു.ഡി.എഫ്.

:അടിയൊഴുക്കുകളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കഴിഞ്ഞകാല തിരഞ്ഞെടുപ്പു കണക്കുകൾക്കപ്പുറം സ്ഥാനാർഥി ആർ.രശ്മിയുടെ സ്വീകാര്യത വോട്ടായി മാറിയെന്നും അയ്യായിരത്തിനും പതിനായിരത്തിനുമിടയിലുള്ള ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നുമാണ് യു.ഡി.എഫ്. കേന്ദ്രങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. മണ്ഡലതല അവലോകനയോഗം ശനിയാഴ്ച നടക്കും.

കുളക്കട, മൈലം, ഉമ്മന്നൂർ, നെടുവത്തൂർ, എഴുകോൺ പഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലും മുന്നിലെത്തുകയും വെളിയം, കരീപ്ര പഞ്ചായത്തുകളിൽ എൽ.ഡി.എഫിന്റെ ലീഡ് കുറയ്ക്കുകയും ചെയ്താൽ വിജയരേഖ കടക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. മണ്ഡലത്തിൽ അപ്രതീക്ഷിതമായ പല ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമായെന്നാണ് വിലയിരുത്തൽ. സ്ഥാനാർഥി മണ്ഡലത്തിൽ തന്നെയുള്ള ആളാണെന്ന പ്രചാരണവും മറ്റു ചില അടിയൊഴുക്കുകളും എൻ.എസ്.എസ്. നിലപാടും രശ്മിക്ക് അനുകൂലമായി നടന്നിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

ബി.ജെ.പി. പ്രതീക്ഷ 40,000 വരെ

: പ്രാഥമിക വിലയിരുത്തലിൽ ബി.ജെ.പി.യുടെ പ്രതീക്ഷ 35,000 മുതൽ 40,000 വരെ വോട്ടുകളാണ്. 2016-ൽ 24,062 ആയിരുന്നു എൻ.ഡി.എ.ക്ക്‌ ലഭിച്ചത്.

ഇക്കുറി വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. 35,000 കടക്കാനായാൽ വലിയ നേട്ടമെന്നാണ് കണക്കുകൂട്ടൽ. ശക്തികേന്ദ്ര കൺവീനർമാരുടെ യോഗം വ്യാഴാഴ്ചയാണ് വിളിച്ചിരിക്കുന്നത്. ബൂത്ത്‌ അടിസ്ഥാനത്തിൽ ശേഖരിച്ചിരിക്കുന്ന കണക്കുകൾ പരിശോധിക്കും.

പാർട്ടിയുടെ ശക്തികേന്ദ്രമായ കുളക്കട, മൈലം, നെടുവത്തൂർ, കരീപ്ര, ഉമ്മന്നൂർ പഞ്ചായത്തുകളിലാണ് ബി.ജെ.പി.യുടെ വോട്ട്‌ പ്രതീക്ഷ. യു.ഡി.എഫ്. സ്ഥാനാർഥി ആർ.രശ്മിയുടെ നാട് കുളക്കട ആയതിനാൽ ഇവിടെ ബി.ജെ.പി. വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ടെന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ സമ്മേളനം പഞ്ചായത്തിൽ നടത്തിയതിലൂടെ ചാഞ്ചാടിയ വോട്ടുകൾ ഉറപ്പിക്കാൻ കഴിഞ്ഞെന്നാണ് പ്രതീക്ഷ.