പുനലൂർ : നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥികളും പ്രമുഖനേതാക്കളും രാവിലെ പത്തിനുമുൻപുതന്നെ തങ്ങളുടെ ബൂത്തുകളിലെത്തി വോട്ടുരേഖപ്പെടുത്തി. എന്നാൽ യു.ഡി.എഫ്.സ്ഥാനാർഥി അബ്ദുറഹിമാൻ രണ്ടത്താണിയുടെ വോട്ട്‌ ജന്മനാടായ മലപ്പുറത്തായതിനാൽ അദ്ദേഹം വോട്ടുചെയ്തില്ല.

എൻ.ഡി.എ.സ്ഥാനാർഥി ആയൂർ മുരളി രാവിലെ ഏഴരയ്ക്ക് ആയൂർ ജവാഹർ യു.പി.എസിലെ മൂന്നാംനമ്പർ ബൂത്തിൽ വോട്ടുചെയ്തു. ഭാര്യ ലിജി, മക്കളായ ആര്യ, അനന്ദു എന്നിവർക്കൊപ്പമാണ് അദ്ദേഹം വോട്ടുചെയ്യാനെത്തിയത്. എൽ.ഡി.എഫ്.സ്ഥാനാർഥി പി.എസ്.സുപാൽ രാവിലെ പത്തുമണിയോടെ ഏരൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ 130-ാം നമ്പർ ബൂത്തിൽ വോട്ടുചെയ്തു.

മന്ത്രി കെ.രാജു രാവിലെ എട്ടരയോടെ നെട്ടയം സർക്കാർ ഹൈസ്കൂളിലെ 125-ാം നമ്പർ ബൂത്തിൽ വോട്ടുരേഖപ്പെടുത്തി. ഭാര്യയും മുൻ സൂപ്രണ്ടിങ് എൻജിനീയറുമായ ഷീബയ്ക്കൊപ്പമായിരുന്നു അദ്ദേഹം വോട്ടുചെയ്യാനെത്തിയത്.

കേരള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ രാവിലെ ഒൻപതിന് അഞ്ചൽ അഗസ്ത്യക്കോട് ഓൾഡ്‌ എൽ.പി.സ്കൂളിലെ 53-ാം നമ്പർ ബൂത്തിൽ വോട്ടുചെയ്തു. ഭാര്യ സിന്ധു, മക്കളായ വൈശാഖ്, വിവേക് എന്നിവർക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ടുരേഖപ്പെടുത്തിയത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ എം.എൽ.എ.യുമായ പുനലൂർ മധു ഒൻപതിന്‌ തൊളിക്കോട് സർക്കാർ എൽ.പി.സ്കൂളിലെ 78-ാം നമ്പർ ബൂത്തിൽ വോട്ടുചെയ്തു.

ഭാര്യ കമലം, മകൻ മനീഷ് വിഷ്ണു, മരുമകൾ ദേവി ജയലക്ഷ്മി എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

യു.ഡി.എഫ്.സ്ഥാനാർഥി അബ്ദുറഹിമാൻ രണ്ടത്താണിക്ക് ജന്മനാടായ മലപ്പുറം തിരൂരിലെ 26-ാം നമ്പർ പാറപ്പുറം ബൂത്തിലായിരുന്നു വോട്ട്. അതിനാൽ അദ്ദേഹത്തിന് വോട്ടുചെയ്യാനായില്ല. പുനലൂർ മണ്ഡലത്തിലെ ബുത്തുകളിൽ അദ്ദേഹം പര്യടനം നടത്തി.