കുണ്ടറ : വോട്ടു ചെയ്യാനായി മൺറോത്തുരുത്തിലെ കിടപ്രം വടക്ക് വാർഡിലെ ജനങ്ങൾ പുഴകടന്നും ഏറെദൂരം നടന്നുമാണ് കാലങ്ങളായി ബൂത്തിലെത്തുന്നത്. മൺറോത്തുരുത്തിലെ ഒന്നാംവാർഡ് കല്ലടയാറ്റിനക്കരെ പടിഞ്ഞാറേ കല്ലടയിലാണ്. ഇവരുടെ വോട്ട് പെരുങ്ങാലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലും.

കണ്ണങ്കാട്ട് കടവിലും മലയിൽകടവിലുമെത്തി കടത്തുവള്ളത്തിൽ കിടപ്രം തെക്ക് എത്തിയശേഷം കിലോമീറ്ററുകൾ നടന്നാണ് പെരുങ്ങാലത്തെ പോളിങ്‌ ബൂത്തിൽ എത്തേണ്ടത്.

900-ത്തിലധികം വോട്ടർമാരാണ് വോട്ടുചെയ്യാനായി കടമ്പകളെല്ലാം താണ്ടേണ്ടത്. കാലമിത്രയായിട്ടും ഇതിനൊരു പരിഹാരംകാണാനാവാത്തത് തുരുത്തിലെ ജനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗം അനിൽ പറയുന്നു.

പുതിയ സർക്കാരെങ്കിലും കല്ലടയാറ്റിനു കുറുകേ പാലം നിർമിക്കുകയോ പടിഞ്ഞാറേ കല്ലടയിൽ വോട്ടുചെയ്യാനുള്ള സംവിധാനമൊരുക്കുകയോ ചെയ്യണം. താമസിക്കുന്നത് പടിഞ്ഞാറേ കല്ലടയിലാണെങ്കിലും കിടപ്രം വടക്കുഭാഗത്തെ ജനങ്ങളുടെ പോലീസ് സ്റ്റേഷൻ കിഴക്കേ കല്ലടയിലാണ്. ഗ്രാമപ്പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം ആറുകടന്ന് അക്കരെപ്പോകണം.