കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ കനത്ത പോളിങ്. ജില്ലയിൽ ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയതും കരുനാഗപ്പള്ളിയിലാണ്.

രാവിലെമുതൽ നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തിലും വലിയ തിരക്കായിരുന്നു. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കുന്നതിന് മുന്നണികളും മുന്നിലുണ്ടായിരുന്നു. രാവിലെ ആദ്യകണക്കുകൾ പുറത്തുവരുമ്പോൾ 15.39 ആയിരുന്നു കരുനാഗപ്പള്ളിയിലെ പോളിങ് ശതമാനം. 11 മണിയോടെ പോളിങ് 32.95 ശതമാനമായി. തുടർന്ന് വൈകീട്ടുവരെ ജില്ലയിലെ ഉയർന്ന പോളിങ് ശതമാനം കരുനാഗപ്പള്ളിയിലായിരുന്നു. ഉച്ചയോടെ 50.02 ശതമാനമായി പോളിങ് നില ഉയർന്നു.

നാലുമണിയോടെ പോളിങ് ശതമാനം 68.56 കടന്നു. അപ്പോൾ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ 66-ൽ താഴെയായിരുന്നു പോളിങ് ശതമാനം. അഞ്ചുമണിയോടെ 74.86 ശതമാനമായി പോളിങ് ഉയർന്നു. അഞ്ചരയോടെയുള്ള കണക്കനുസരിച്ച് ജില്ലയിലെ മൊത്തം പോളിങ് ശതമാനത്തേക്കാൾ കൂടുതലായിരുന്നു കരുനാഗപ്പള്ളിയിൽ 75.49 ശതമാനം. ജില്ലയിലെ മൊത്തം പോളിങ് ശതമാനം 70 ആയിരുന്നു. ആറരയോടെ പോളിങ് 78.17 ശതമാനമായി, ഏഴരയോടെ 78.49 ശതമാനമായി വീണ്ടും ഉയർന്നു. പോളിങ് സമയം അവസാനിക്കുമ്പോഴുള്ള കണക്കനുസരിച്ച് കരുനാഗപ്പള്ളിയിലെ പോളിങ് 78.51 ശതമാനമായി. പോളിങ് ശതമാനത്തിൽ ഇനിയും മാറ്റം വരാം. 2,13,993 വോട്ടർമാരാണ് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലുള്ളത്.