കൊല്ലം : തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമായും കൃത്യമായും നടപ്പാക്കിയത് കളക്ടറേറ്റിലെ കൺട്രോൾ റൂമിന്റെ ജാഗ്രതയിൽ. രാവിലെ 5.30 മുതൽ രാത്രി വൈകുംവരെ ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറിന്റെ മേൽനോട്ടത്തിൽ 30 പേർ അടങ്ങുന്ന കൺട്രോൾ റൂം പ്രവർത്തിച്ചു. പരാതികളും വിവരങ്ങളും ശേഖരിക്കുകയും പരിഹാരം കാണുകയും വിവിധ ആപ്പുകളും പോർട്ടലുകളും വഴി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങൾ കൈമാറുന്നത് ഉറപ്പാക്കുകയുമായിരുന്നു ഇവരുടെ ചുമതല. ജില്ലാ കളക്ടറുടെ ഓഫീസ് ചേമ്പറിൽ തയ്യാറാക്കിയ പ്രത്യേക ഡാഷ്‌ ബോർഡ് സംവിധാനത്തിലൂടെ ജില്ലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.

ബൂത്ത് തലത്തിൽനിന്ന്‌ പ്രിസൈഡിങ് ഓഫീസർ പോൾ മാനേജർ ആപ്പിലൂടെ ഓരോ മണിക്കൂർ ഇടവേളകളിൽ നൽകുന്ന വോട്ടെടുപ്പ് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് യഥാസമയം കൈമാറുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് കൺട്രോൾ റൂമിന്റെ ചുമതലയായിരുന്നു. റിട്ടേണിങ്‌ ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് രണ്ടുമണിക്കൂർ ഇടവേളകളിൽ വോട്ടെടുപ്പ് വിവരങ്ങൾ 'എൻകോർ വോട്ടർ ടേൺ ഔട്ട്' എന്നീ പോർട്ടലിലൂടെ നൽകുെന്നന്നും ഉറപ്പാക്കി.

ബൂത്തിലെ വോട്ടിങ്‌ മെഷീൻ തകരാറിലായാൽ പകരം നൽകാനുള്ള മെഷിനുമായി പോകുന്ന സെക്ടറർ ഓഫീസർക്ക് ജി.പി.എസ്. ആപ്പ് നൽകി 'ഇലക്‌ഷൻ ട്രേസ് പോർട്ടൽ വഴി നിരീക്ഷിക്കുന്നതായിരുന്നു മറ്റൊരു ജോലി. വോട്ടിങ് മെഷീന്റെ സാങ്കേതികപ്രശ്നങ്ങൾ അറിയിക്കുമ്പോൾ ഇ.വി.എം. പോർട്ടലിലൂടെ വിവരങ്ങൾ കൈമാറാനും ജാഗ്രതയോടെ പ്രവർത്തനങ്ങൾ നടത്താനും കഴിഞ്ഞു. 40-ഓളം പരാതികൾ ബൂത്തിൽനിന്ന്‌ പോൾ മാനേജർ ആപ്പ് വഴി ലഭിച്ചത് നിശ്ചിത സമയത്തിനുള്ളിൽ പരിഹരിച്ചു.

അറുപതോളം ഇ.വി.എം. മെഷിൻ തകരാറുകളാണ് റിപ്പോർട്ട് ചെയ്തത്. റിസർവ് യന്ത്രങ്ങളുമായി ഫീൽഡിൽ ഉണ്ടായിരുന്ന സെക്ടറൽ ഓഫീസർമാരും ഓരോ മണ്ഡലത്തിലെയും ക്യാമ്പ് ഓഫീസുകളിൽ ഉണ്ടായിരുന്ന ഇലക്‌ഷൻ കമ്മിഷന്റെ എൻജിനീയർമാരും ചേർന്ന് തകരാറുകൾ പരിഹരിച്ചു.

ഓരോ മണ്ഡലത്തിലും റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിൽ ആറുപേരുടെ പ്രത്യേക കൺട്രോൾ റൂമും പ്രവർത്തിച്ചിരുന്നു.