കുന്നിക്കോട് : തിരുവഴി-കോട്ടവട്ടം റോഡിന്റെ തകർച്ച നാട്ടുകാരുടെ നടുവൊടിക്കുന്നു. 12 വർഷമായി അറ്റകുറ്റപ്പണികളൊന്നും നടത്താതെവന്നതോടെ ഇതുവഴി വാഹനയാത്ര അസാധ്യമായി. വിളക്കുടി-വെട്ടിക്കവല പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മൂന്നുകിലോമീറ്റർ റോഡിനാണ് ദുർഗതി.

തകർച്ചകാരണം പാതയുടെ ഭൂരിഭാഗം സ്ഥലത്തും ടാറിങ് അപ്രത്യക്ഷമായി. കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ യാത്ര അസാധ്യമായതോടെ ഇതുവഴിയുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി. നിർത്തിവെച്ചു.

ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്തനിലയിലാണ് പാതയുടെ തകർച്ച. കോട്ടവട്ടം ഗ്രന്ഥശാലാ ജങ്‌ഷനിൽനിന്ന്‌ ഇളമ്പൽ കോട്ടവട്ടംവരെ നീളുന്നതാണ് പാത. തകർന്ന പാതയിൽ അപകടങ്ങൾ പതിവായിട്ടും റോഡ് നന്നാക്കാൻ നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.

പുനലൂർ, കൊട്ടാരക്കര ഡിപ്പോകളിൽനിന്ന്‌ ഇതുവഴി മുൻപ്‌ കെ.എസ്.ആർ.ടി.സി.ബസുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ തകർന്ന പാതയിലൂടെയുള്ള യാത്ര ദുഷ്കരമായതോടെ സർവീസുകൾ നിർത്തലാക്കി.

കലുങ്കുകളും ഓടകളും നിർമിക്കാത്തതിനാൽ റോഡിലൂടെയാണ് മഴവെള്ളം ചാലിട്ടൊഴുകുന്നത്.

പാതയുടെ തകർച്ചയെപ്പറ്റി നാട്ടുകാർ പലതവണ ജനപ്രതിനിധികളോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രചാരണത്തിനെത്തിയ പത്തനാപുരം എം.എൽ.എ. റോഡ് നവീകരിച്ചുനൽകാമെന്ന് സ്ഥലവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല. റോഡിലെ കുഴികളുടെ ആഴം കൂടിയപ്പോൾ നാട്ടുകാർ മണ്ണും കല്ലും നിരത്തിയിരുന്നു.

റോഡിന്റെ തകർച്ചകാരണം ഇതുവഴിയുള്ള സമാന്തര സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

ടാറിങ്‌ ഇളകിമാറിയ പാതയിലാകെ മെറ്റൽ ചിതറിക്കിടക്കുകയാണ്. മഴയായാൽ ഇരുചക്രവാഹനയാത്രികർ റോഡിൽ അപകടത്തിൽപ്പെടുന്നത് പതിവാണ്. വിദ്യാർഥികളടക്കം നൂറുകണക്കിന് ഗ്രാമവാസികൾ ആശ്രയിക്കുന്ന പാത നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

മോഷണംപോയ ബൈക്ക് തേടി, കാർ മോഷണവും കണ്ടെത്തി

അഞ്ചൽ : വെഞ്ഞാറമൂട്ടിലെ യൂസ്ഡ് കാർ ഷോറൂമിൽനിന്ന്‌ മോഷ്ടിച്ച കാർ വഴിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. അഞ്ചൽ-കുളത്തൂപ്പുഴ റോഡിൽ ഭാരതീപുരത്താണ് കാർ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. അതുപോലെ അഞ്ചലിലെ ബൈക്ക്‌ വർക്ക്‌ഷോപ്പിൽനിന്ന്‌ കാണാതായ ബൈക്ക് വെഞ്ഞാറമൂട്ടിലെ യൂസ്ഡ് കാർ ഷോറൂമിനു സമീപത്തുനിന്ന്‌ പോലീസ് കണ്ടെത്തിയിരുന്നു.

ഇതിനെത്തുടർന്ന് സി.സി.ടി.വി.യിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.

പ്രതികൾ അഞ്ചലിലെ ബൈക്ക് വർക്ക്‌ഷോപ്പിൽനിന്ന്‌ ബൈക്ക് മോഷ്ടിച്ചശേഷം വെഞ്ഞാറമൂട്ടിലെത്തിയപ്പോൾ ബൈക്ക് പ്രവർത്തനരഹിതമായതോടെ അവിടെ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് സമീപത്തെ യൂസ്ഡ് കാർ ഷോറൂമിൽനിന്ന്‌ കാർ മോഷ്ടിച്ചശേഷം ഭാരതീപുരത്തെത്തി കാർ അവിടെ ഉപേക്ഷിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വെഞ്ഞാറമൂട്ടിലെ കാർ ഷോറൂം ഉൾപ്പെടെ നിരവധിസ്ഥലങ്ങളിൽ പ്രതിയുടെ ചിത്രം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസിന്റെ നേതൃത്വത്തിൽ വിരലടയാളവിദഗ്ധർ ഭാരതീപുരത്തെത്തി ഏരൂർ പോലീസിന്റെ സഹായതോടെ തെളിവുകൾ ശേഖരിച്ചു. പ്രതികൾ വൈകാതെ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.