കരുനാഗപ്പള്ളി : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കുലശേഖരപുരം പഞ്ചായത്തിൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നു. പഞ്ചായത്തിലെ നാല് ചന്തകൾ അടപ്പിച്ചു.

വള്ളിക്കാവ്, പുതിയകാവ്, കൊച്ചാലുംമൂട്, കുഴുവേലിമുക്ക് എന്നീ മാർക്കറ്റുകളാണ് പോലീസും റവന്യൂ, പഞ്ചായത്ത് അധികൃതരും ചേർന്ന് അടപ്പിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചന്തകൾ തുറക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന വാർഡുകളിൽ പോലീസിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പട്രോളിങ് നടത്തി. അതേസമയം, കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന

തിനാൽ പഞ്ചായത്തിൽ ഡൊമിസെയിൽ കെയർ സെന്റർ തുടങ്ങും. ഇതിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. വള്ളിക്കാവ് അമൃത എൻജിനീയറിങ് കോളേജ് ഹോസ്റ്റലിലെ അശോകം ബ്ലോക്കിലാണ് സെന്റർ പ്രവർത്തന സജ്ജമായത്‌. ഡി.വൈ.എഫ്.ഐ. കുലശേഖരപുരം നോർത്ത്, സൗത്ത് യൂത്ത് ബ്രിഗേഡ് വൊളന്റിയർമാരുടെ നേതൃത്വം വിലമതിക്കത്തക്കതാണ്‌.

കോവിഡ് പോസിറ്റീവായവരിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കുവേണ്ടിയാണ് സെന്റർ തുടങ്ങുന്നത്. ചികിത്സാസൗകര്യങ്ങൾ ഉണ്ടാകില്ല. എന്നാൽ ഭക്ഷണം ഉൾപ്പെടെ ലഭ്യമാക്കും. തിങ്കളാഴ്ച കുലശേഖരപുരം പഞ്ചായത്തിൽ 69 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രണ്ടാം തരംഗത്തിൽ പഞ്ചായത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 732 ആയി. അടുത്തദിവസംമുതൽ ശക്തമായ നിയന്ത്രണങ്ങളായിരിക്കും പഞ്ചായത്തിൽ നടപ്പാക്കുകയെന്നും അധികൃതർ പറഞ്ഞു.