കൊല്ലം : ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ കുണ്ടറ ബഥേൽ മാർത്തോമ ഇടവകയും ഓർക്കുന്നു. ഇടവകയുടെ 100-ാം വാർഷികത്തിന് തൊണ്ണൂറ്റിയെട്ടുകാരനായ അദ്ദേഹം വന്നതും ചിരിയിൽ പൊതിഞ്ഞ ചിന്തകൊണ്ട് അനുഗ്രഹം ചൊരിഞ്ഞതും ഇടവകക്കാരുടെ മനസ്സിൽ ഇന്നലെയെന്നോണമുണ്ട്‌.

ദൈവത്തെ സഹജീവിസ്നേഹമായും വിശക്കുന്നവന്റെ മുന്നിലെ ആഹാരമായും കാണണമെന്നതും അതിനായി ഇടവക എങ്ങനെ പ്രവർത്തിക്കണമെന്നതുമായിരുന്നു പ്രസംഗത്തിന്റെ കാതലെന്ന് ഇടവകയുടെ മുൻ സെക്രട്ടറി കെ.വി.മാത്യു ഓർക്കുന്നു.

ഒരിക്കൽ ഒരു വല്യമ്മച്ചി ഞായറാഴ്ച പള്ളിയുടെ വാതിൽക്കൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കെ കൈയിലിരുന്ന വടി താഴെപ്പോയി. വടിയില്ലാതെ നടക്കാൻ വയ്യാത്ത അവസ്ഥ.

ഒരു പെൺകുട്ടി അതുകണ്ട് ഓടിവന്ന് വടിയെടുത്ത് സഹായിച്ചു. ആരാധന കഴിഞ്ഞശേഷം വല്യമ്മ അച്ചനെ ചെന്നുകണ്ടു പറഞ്ഞു, ഞാനിന്ന് ദൈവത്തെ കണ്ടുവെന്ന്. അച്ചൻ ആകാംക്ഷയോടെ ചോദിച്ചു-എന്റെ പ്രസംഗത്തിൽ ഏത് പോയിന്റിലാണ് വല്യമ്മച്ചി ദൈവത്തെ കണ്ടത്. അച്ചന്റെ പ്രസംഗത്തിനിടയിലല്ല, ആ പെൺകുട്ടി എന്റെ വടി കൊണ്ടുതന്നപ്പോൾ എന്നായിരുന്നു അമ്മച്ചിയുടെ മറുപടി. ‘പ്രസംഗമല്ല പ്രവൃത്തിയാണ് ദൈവത്തെ കാണിക്കുന്നത്. മറ്റ് മനുഷ്യർ നമ്മിൽക്കൂടി ദൈവത്തെ കാണണം. ദൈവം എല്ലാവരെയും കരുതുന്നു. എന്നാൽ ഇന്നത്തെ മനുഷ്യൻ ദൈവത്തെ കരുതുന്നില്ല’-അദ്ദേഹം പറഞ്ഞു.

ഒരു പാപിയെയെങ്കിലും വിശുദ്ധനാക്കാൻവേണ്ടിയാണ് നാം ക്രിസ്മസ് ആഘോഷിക്കേണ്ടത്. അതിലൂടെ നമ്മളും സ്വർഗത്തിന്റെ അവകാശികളാകണം. നിങ്ങളുടെ ഇടവകയുടെ അതിർത്തിയിൽ ആരും പട്ടിണികിടക്കാൻ അനുവദിക്കരുതെന്നും പ്രായമുള്ളവരെ ആദരിക്കുകയും കരുതുകയും ശുശ്രൂഷിക്കുകയും അവരോട് വർത്തമാനം പറഞ്ഞിരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തമാശയിൽ പൊതിഞ്ഞ കഥകളിലൂടെയും സാന്ദർഭികമായി സൃഷ്ടിച്ച നർമമുഹൂർത്തങ്ങളിലൂടെയും ആ ഇടവകദിനാഘോഷത്തെ ധന്യമാക്കിയതിന്റെ ആദരവോടെ ഇടവക അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു.