ഓച്ചിറ : മാലാഖമാരുടെ വേഷം ധരിച്ച നൂറുകുട്ടികൾ. കൈയിൽ റോസാപ്പൂക്കളുമായി നൂറു വയസ്സിന്റെ നിറവിലെത്തിയ വലിയ ഇടയന്റെ മുന്നിലെത്തി പൂക്കൾ സമ്മാനിച്ചു. പുഞ്ചിരിതൂകി വലിയ തിരുമേനി കുട്ടികളെ ആശീർവദിച്ച് അനുഗ്രഹിച്ചു.

2017 ജൂലായ് 12-ന് പ്രയാർ ആർ.വി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജ്യൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് സഹപാഠികൾക്കായി നിർമിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽദാന ചടങ്ങിൽ മുഖ്യ പ്രഭാഷകനായി എത്തിയതായിരുന്നു മാർത്തോമ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി.

തിരുമേനി നൂറു വയസ്സ് പൂർത്തിയാക്കിയ സമയത്തായിരുന്നു ചടങ്ങ്. സദസ്സ് ഹർഷാരവത്തോടെയാണ്‌ തിരുമേനിക്ക്‌ നൂറാം ജന്മദിനാശംസകൾ നേർന്നത്.

പിണറായി വിജയൻ ആയിരുന്നു താക്കോൽദാന ചടങ്ങ് നിർവഹിച്ചത്. ചടങ്ങ് വലിയ തിരുമേനിയുടെ നൂറാംപിറന്നാൾ ആഘോഷവേദിയായി മാറി. തിരുമേനിയുടെ നർമത്തിൽ പൊതിഞ്ഞ പ്രസംഗം പിണറായി ഉൾപ്പെടെയുള്ള സദസ്സിനെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു.

പ്രയാർ തെക്ക് അമ്പിയിൽ ഹരികുമാറിന്റെയും രാജിയുടെയും മക്കളായ ലക്ഷ്മിക്കും മീനാക്ഷിക്കുമാണ് വീട് നിർമിച്ചുനൽകിയത്. ലക്ഷ്മിയെയും മീനാക്ഷിയെയും ചേർത്തുനിർത്തി അനുഗ്രഹിച്ചു. പഠിച്ചു മിടുക്കരാകണം എന്ന ഉപദേശവും നൽകിയാണ് ചിരിയുടെ തമ്പുരാൻ വേദിവിട്ടതെന്ന് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്.വിമൽകുമാർ ഓർക്കുന്നു.