തെന്മല : മഴവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഭീതിവിതച്ച അമ്പനാട്ട് കാട്ടാനശല്യവും രൂക്ഷമാകുന്നു.

പകൽപോലും കാട്ടാനകൾ ജനവാസമേഖലയിലും ലയങ്ങൾക്കു സമീപവുമെത്തുന്നു. കഴിഞ്ഞദിവസം രാവിലെ ഒൻപതോടെ മെത്താപ്പിനുസമീപം കാട്ടാനയിറങ്ങിയിരുന്നു.

ലയത്തിലുള്ള തൊഴിലാളികൾ ഒച്ചയുണ്ടാക്കിയെങ്കിലും ഏറെനേരത്തിനുശേഷമാണ് ആനകൾ കാട്ടിലേക്ക് കയറിയത്.

കമ്പനിയുടെ കമുക്‌ ഉൾപ്പടെയുള്ള കാർഷികവിളകളും നശിപ്പിച്ചിട്ടുണ്ട്. തേയിലത്തോട്ടം നിറഞ്ഞ അമ്പനാട് ഭാഗത്ത് കാട്ടാനക്കൂട്ടം നിരന്തരം ഭീഷണിയാകുന്നു.

കഴുതുരുട്ടി-അമ്പനാട് റോഡിലും ആനകൾ വാഹനയാത്രികർക്കും തോട്ടം തൊഴിലാളികൾക്കും ഭീഷണിയാകുന്നു. എന്നാൽ ആര്യങ്കാവ്, തെന്മല, അമ്പനാർ വനം റേഞ്ചുകളുടെ അതിർത്തിപ്രദേശമായതിനാൽ പലപ്പോഴും പരസ്പരം പഴിചാരുന്നതല്ലാതെ ആരുമെത്താറില്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു.