അഞ്ചാലുംമൂട് :സബ് രജിസ്‌ട്രാർ ഓഫീസ് അഞ്ചാലുംമൂട്ടിൽനിന്ന് മാറ്റുമെന്ന അഭ്യൂഹത്തെത്തുടർന്ന് പ്രതിഷേധവുമായി സംഘടനകൾ രംഗത്ത്. പ്രദേശത്തുള്ളവർക്കെല്ലാം എത്തുന്നതിന് ഏറെ സൗകര്യപ്രദമായ സ്ഥലത്താണ്‌ നിലവിൽ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌.

പാർക്കിങ് സൗകര്യമുള്ള ഇവിടെനിന്ന് കോട്ടയത്തുകടവിനു സമീപമുള്ള റവന്യൂ പുറമ്പോക്കിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇവിടെ നാലുസെന്റ് മാത്രമാണ് പുറമ്പോക്കായുള്ളത്. ഓഫീസ്‌ മാറ്റുന്നത് തത്‌പരകക്ഷികളുടെ ശ്രമഫലമായാണെന്ന്‌ നാട്ടുകാർ പറയുന്നു.

1973 ഏപ്രിൽ രണ്ടിനാണ് അഞ്ചാലുംമൂട് സബ് രജിസ്‌ട്രാർ ഓഫീസ് തുടങ്ങിയത്. കോർപ്പറേഷൻ സോണൽ ഓഫീസിനു സമീപമുള്ള വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം.

തുടർന്ന് രണ്ടു വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചശേഷം പഴയ അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസ് ഷോപ്പിങ്‌ കോംപ്ലക്സിലേക്ക് മാറ്റുകയായിരുന്നു.

ഇപ്പോൾ കെട്ടിടം പണിയാൻ ആലോചനയുള്ള സ്ഥലത്തുനിന്ന് ഒന്നരക്കിലോമീറ്റർ അകലെ കൊല്ലം കളക്ടറേറ്റിനുസമീപം നിലവിൽ സബ് രജിസ്‌ട്രാർ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഓഫീസ് മാറ്റത്തിൽ പ്രതിഷേധവുമായി ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ്‌ സ്‌ക്രൈബ്‌സ്‌ അസോസിയേഷനും അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, ആർ.എസ്.പി. എന്നിവയും വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

ഓഫീസ് മാറ്റരുത്

സബ് രജിസ്‌ട്രാർ ഓഫീസ് മാറ്റം പ്രദേശവാസികളെ ബുദ്ധിമുട്ടിക്കും. സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് മാറ്റിയാൽ സമരം ആരംഭിക്കും.

എസ്.മുരളീധരൻ പിള്ള

യൂണിറ്റ് പ്രസിഡന്റ്, ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ്‌ സ്‌ക്രൈബ്‌സ്‌ അസോ., അഞ്ചാലുംമൂട്

നിലവിലെ ഓഫീസ് സൗകര്യപ്രദം

അഞ്ചാലുംമൂട് സബ് രജിസ്‌ട്രാർ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 48 വർഷം കഴിയുന്നു. ജനങ്ങൾക്ക് സൗകര്യപ്രദമായി സർക്കാർ കെട്ടിടത്തിലാണ് പ്രവർത്തനം. മതിയായ സൗകര്യങ്ങൾ ഉണ്ടായിരിക്കേ ഓഫീസ് മാറ്റാനുള്ള ആലോചനയുടെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല. അധികാരികൾ ഇതിൽനിന്നു പിന്മാറണം.

സ്വർണമ്മ, ഡിവിഷൻ കൗൺസിലർ