പത്തനാപുരം : നൂറ്റിപ്പതിമൂന്ന്‌ വയസ്സുള്ള വെളുമ്പിമുത്തശ്ശി ഇക്കുറിയും വോട്ടുചെയ്യും. സ്ഥിരമായി വോട്ടുചെയ്യുന്ന പാർട്ടിക്കുതന്നെ വോട്ടെന്ന പതിവിനും മാറ്റമില്ല. പിറവന്തൂർ പഞ്ചായത്തിലെ തച്ചക്കുളം ഈട്ടിവിളവീട്ടിൽ വെളുമ്പിമുത്തശ്ശി തിരഞ്ഞെടുപ്പാകുമ്പോൾ ശാരീരികാവശതകളെല്ലാം മറക്കുമെന്നാണ് ബന്ധുക്കളുടെ അഭിപ്രായം.

സർക്കാർ രേഖകൾപ്രകാരം ജില്ലയിലെ പ്രായംചെന്ന വോട്ടറാണ് വെളുമ്പി. തിരഞ്ഞെടുപ്പും രാഷ്ട്രീയവുമെല്ലാം നല്ല ബോധ്യം. പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ച് കൂനിക്കൂടി പോളിങ് ബൂത്തിലേക്കുള്ള നടത്തം നാട്ടുകാർക്കും പരിചിതം. വോട്ടുചെയ്യാൻ മുത്തശ്ശിയെത്തുമ്പോൾ വിരിനിൽക്കുന്നവരെല്ലാം മാറിക്കൊടുക്കും. വോട്ടുചെയ്തുതുടങ്ങിയ കാലംതൊട്ടിങ്ങോട്ട് ഒരു തിരഞ്ഞെടുപ്പിലും വോട്ടുചെയ്യാതിരുന്നിട്ടില്ല, പാർട്ടിയും മാറിയിട്ടില്ല. രണ്ടുവർഷംമുൻപുള്ള തിരഞ്ഞെടുപ്പുകാലത്ത് പത്തനാപുരം താലൂക്കിലെ ഇലക്ടറൽ വിഭാഗം മുത്തശ്ശിയെ വീട്ടിലെത്തി ആദരിച്ചിരുന്നു. പഴയകാലത്തെ തിരഞ്ഞെടുപ്പിന്റെ ആവേശമൊന്നും ഇപ്പോഴില്ലെന്നാണ് മുത്തശ്ശിയുടെ പക്ഷം. അന്ന് നാട്ടുകാരുടെ രാഷ്ട്രീയം പ്രകടമായിരുന്നു. എത്ര വോട്ടുകിട്ടുമെന്ന് കൃത്യമായി പ്രവചിക്കാം. കവലകളിൽ മത്സരിച്ച് കൊടികെട്ടിയ കമുക്‌ നാട്ടുന്നതും നടന്നും കാളവണ്ടികളിലും പ്രചാരണം നടത്തുന്നതും ആവേശസ്മരണകളാണ്.

മരിച്ചുപോയ മക്കളുടെ മക്കളും അവരുടെ മക്കളുമൊക്കെ വീടിന്റെ ചുറ്റുവട്ടത്തുതന്നെയുണ്ട്. വനപ്രദേശമായിരുന്ന മേഖലയിലെ ആദ്യതാമസക്കാരിലൊരാളായിരുന്ന ഇരവി-ചിറ്റ ദമ്പതിമാരുടെ ഇളയ മകളാണ്‌ മുത്തശ്ശി. അച്ഛനമ്മമാരോടൊപ്പം കാട്ടിലെ ജോലികൾ ചെയ്താണ് വളർന്നത്. ഭർത്താവ് മരിച്ചിട്ട് 70 വർഷമായി. ജീവിതശൈലീരോഗങ്ങളോ കാര്യമായ അസുഖങ്ങളോ വെളുമ്പിമുത്തശ്ശിയെ അലട്ടുന്നില്ല.