പുത്തൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഞായറാഴ്ച അവസാനിക്കുമ്പോൾ ശ്രദ്ധപിടിച്ചുപറ്റാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. പഞ്ചായത്ത് തിരഞ്ഞെടുപ്പുപ്രചാരണരംഗത്ത് മുമ്പെങ്ങും പ്രാവർത്തികമായി കണ്ടിട്ടില്ലാത്ത മൊബൈൽ ഡിജിറ്റൽ ഡിസ്‌പ്ലേയ്ക്കാണ് ഇപ്പോൾ പ്രിയം.

വലിയ ബോക്സ് ടൈപ്പ് ഉച്ചഭാഷിണികൾ സ്ഥാപിച്ച് അനൗൺസ്‌മെന്റുകൾക്കൊപ്പം വിവിധ വീഡിയോകളും ഉണ്ടാകും.

കാടുംമേടും താണ്ടിയുള്ള സ്ഥാനാർഥിയുടെ വോട്ടുപിടിത്തം, നേതാക്കളുടെ ആശംസകൾ, സ്ഥാനാർഥിയുടെ തൊഴിൽമേഖലയുടെ വിവരണം, മുൻകാല പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം എന്നിവ അതിൽ ഉൾപ്പെടുത്തും. പ്രധാന കവലകളിലും ഇടവഴികളിലുമെല്ലാം സഞ്ചരിക്കും. ചിലപ്പോൾ നേതാക്കളുടെ ചെറിയ പ്രസംഗങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ അവയ്ക്കിടയിൽ കാണും.

കൊട്ടിക്കലാശമില്ലെങ്കിലും കഴിഞ്ഞദിവസം വൈകീട്ടോടെ പ്രധാന കവലകളിലെല്ലാം കൊട്ടിക്കലാശത്തിന്റെ പ്രതീതി ജനിപ്പിച്ച്‌ വാഹനങ്ങൾ തലങ്ങുംവിലങ്ങും പായുകയായിരുന്നു.