കരുനാഗപ്പള്ളി : ആവേശം പകർന്ന് അനൗൺസ്‌മെന്റ് വാഹനങ്ങൾ നിരത്തുകളിൽ സജീവമായതോടെ കരുനാഗപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി.

പ്രശസ്തഗാനങ്ങളുടെ ഈണത്തിൽ വോട്ട്‌ അഭ്യർഥിച്ചുകൊണ്ടുള്ള പാട്ടുകളാണ് പ്രചാരണ വാഹനങ്ങളിലെ മുഖ്യ ആകർഷണം. മൂന്ന് മുന്നണികളും ഇക്കാര്യത്തിൽ മത്സരത്തിലാണ്.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ വീഥികളിൽ അനൗൺസ്‌മെന്റ് വാഹനങ്ങൾ ഓടുന്നു. അതേസമയം, കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സ്വീകരണപര്യടനം മിക്കയിടത്തും നടക്കുന്നില്ല.

എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളുടെ ജില്ലാപഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികൾക്കുമാത്രമാണ് സ്വീകരണപര്യടനം ഉണ്ടായിരുന്നത്. എന്നാൽ മിക്കയിടത്തും റോഡ് ഷോ നടക്കുന്നുണ്ട്.

പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട്‌ ചോദിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. എല്ലാ വാർഡുകളും കേന്ദ്രീകരിച്ച് കുടുംബയോഗങ്ങളും നടക്കുന്നു.

വോട്ടിങ് മെഷീൻ പരിചയപ്പെടുത്തൽ, സ്ലിപ്പ് വിതരണം, അഭ്യർഥനയും പ്രകടനപത്രികയും നൽകൽ എന്നിവയും ഓരോ മുന്നണിയുടെയും പ്രധാന പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

എൽ.ഡി.എഫ്.സ്ഥാനാർഥികൾക്ക് വോട്ട്‌ അഭ്യർഥിച്ച് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് വോട്ട്‌ അഭ്യർഥിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.യും മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിച്ചു.

ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷിന്റെ നേതൃത്വത്തിൽ എൻ.ഡി.എ.യുടെ വാർഡുതല കുടുംബയോഗങ്ങളും നടക്കുന്നു.