ചാത്തന്നൂർ : തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ വോട്ടുറപ്പിക്കാൻ മുന്നണികളുടെ നെട്ടോട്ടം. വാഹനപ്രചാരണം ചൂടുപിടിച്ചതോടെ നാടാകെ ഇളക്കിമറിച്ചുള്ള പ്രകടനമാണ് മുന്നണികൾ നടത്തുന്നത്. വാർഡ്‌ തലത്തിൽ വിശ്രമമില്ലാതെയാണ് അനൗൺസ്മെന്റ് വാഹനങ്ങൾ കടന്നുപോകുന്നത്. ത്രിതല പഞ്ചായത്തുകളിലെ സ്ഥാനാർഥികളുടെ ഒന്നിച്ചുള്ള പ്രചാരണപരിപാടികൾ ശനിയാഴ്ച രാത്രിയോടെ പൂർത്തിയാക്കാനുള്ള ഓട്ടത്തിലായിരുന്നു മുന്നണികൾ. രാത്രി വൈകിയും പരമാവധി സ്വീകരണയോഗങ്ങളിൽ ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളും പങ്കെടുത്തു. സംയുക്തമായി പ്രചാരണത്തോടൊപ്പം സ്ക്വാഡുകൾ രൂപവത്കരിച്ച് ഭവനസന്ദർശനവും മുന്നണികൾ സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി വീടുകളിലെത്തി വോട്ടുറപ്പിക്കുകയാണ് സ്ഥാനാർഥികൾ. ബന്ധവും സ്വന്തവും സുഹൃദ്‌വലയവും വോട്ടാക്കിമാറ്റാനാണ് വാർഡ് സ്ഥാനാർഥികളുടെ പരക്കം പാച്ചിൽ. പുതിയ വോട്ടർമാർക്ക്‌ തിരിച്ചറിയൽ കാർഡുണ്ടെന്ന് ഉറപ്പാക്കുന്നതിനും ക്വാറന്റീനിൽ കഴിയുന്നവർക്ക് സ്പെഷ്യൽ ബാലറ്റ് ഉറപ്പാക്കുന്നതിനും മുന്നണികൾ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നുണ്ട്. ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തുകളിലും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലെ ഇത്തിക്കര, കല്ലുവാതുക്കൽ ഡിവിഷനുകളിലും എൽ.ഡി.എഫ്. കുത്തക തകർക്കാൻ യു.ഡി.എഫും എൻ.ഡി.എ.യും ഇക്കുറി വാശിയേറിയ പോരാട്ടമാണ് നടത്തുന്നത്. കല്ലുവാതുക്കൽ, ചാത്തന്നൂർ, ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തുകളിൽതീർത്തും ഭരണത്തിലെത്തുമെന്നാണ് യു.ഡി.എഫ്. അവകാശപ്പെടുന്നത്. ചിറക്കരയിൽ കഴിഞ്ഞതവണ ഒരു സീറ്റിൽ ഒതുങ്ങേണ്ടി വന്നതിനാൽ ശക്തമായ പ്രവർത്തനമാണ് ഇക്കുറി യു.ഡി.എഫ്. നടത്തിയത്. കല്ലുവാതുക്കലിൽ ഭരണം പിടിക്കുമെന്നുറപ്പിക്കുകയാണ് എൻ.ഡി.എ. ഇവിടെ കഴിഞ്ഞതവണ നാല് സീറ്റിൽ വിജയിക്കുകയും എട്ടോളം സീറ്റിൽ രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്ത ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. കല്ലുവാതുക്കലിൽ ഭരണത്തിലെത്തുമെന്ന് അവകാശപ്പെടുന്നത്.

എൻ.ഡി.എ.ക്കും യു.ഡി.എഫിനും തങ്ങളുടെ കോട്ട തകർക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസമാണ് എൽ.ഡി.എഫിനുള്ളത്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ തവണ 13-ൽ 12 സീറ്റും സ്വന്തമാക്കി ഭരണം സ്വന്തമാക്കിയ എൽ.ഡി.എഫിന് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയനീരീക്ഷകർ പറയുന്നത്. എൻ.ഡി.എ.യും യു.ഡി.എഫും ശക്തരായ എതിരാളികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

ഇത്തവണ ബ്ലോക്ക് പഞ്ചായത്തിൽ സീറ്റു സ്വന്തമാക്കാൻ പതിനെട്ടടവും പയറ്റുകയാണ് എൻ.ഡി.എ. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചുവർഷം പ്രവർത്തിച്ച് പരിചയമുള്ള ശ്രീജ ഹരീഷാണ് ഇത്തിക്കര ഡിവിഷനിലെ സ്ഥാനാർഥി. എതിരാളികളായി രംഗത്തുള്ളത് രണ്ടും അഭിഭാഷകരും. യു.ഡി.എഫിൽനിന്ന്‌ അഡ്വ. ഫേബ സുദർശനും എൻ.ഡി.എ.യിൽനിന്ന്‌ അഡ്വ. ബിറ്റി സുധീറുമാണ് എൽ.ഡി.എഫിനെ നേരിടുന്നത്. കല്ലുവാതുക്കൽ ഡിവിഷനിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർഥി ബ്ലോക്ക് പഞ്ചായത്ത്‌ അംഗമായിരുന്ന എ.ആശാദേവിയാണ്. യു.ഡി.എഫിൽനിന്ന്‌ ജയശ്രീ രമണനും എൻ.ഡി.എയിൽനിന്ന്‌ ബി.രാജി പ്രസാദുമാണ് എതിരാളികൾ. ജില്ലാപഞ്ചായത്തിൽ എക്കാലവും എൽ.ഡി.എഫിനായിരുന്നു വിജയം. ഒരു ഡിവിഷനെങ്കിലും പിടിച്ചെടുക്കുമെന്ന വാശിയിലാണ് യു.ഡി.എഫ്.