കരുതലായി 20 ശതമാനം യന്ത്രങ്ങൾ

കൊട്ടാരക്കര : മൂന്നുദിനങ്ങൾക്കപ്പുറം നടത്തുന്ന തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ തയ്യാർ. കൊട്ടാരക്കര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് (ക്രമീകരണം) കഴിഞ്ഞദിവസം നടത്തി.

നഗരസഭയിലെ വോട്ടിങ് യന്ത്രങ്ങളുടെ ക്രമീകരണം കൊട്ടാരക്കര ഗവ. വി.എച്ച്.എസ്.എസിലും (ഗേൾസ് ഹൈസ്കൂൾ), കൊട്ടാരക്കര ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ മെഷീനുകളുടെ ക്രമീകരണം കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലും (ബോയ്സ്‌) നടത്തി.

വെട്ടിക്കവല ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലെ യന്ത്രങ്ങളുടെ ക്രമീകരണം വെട്ടിക്കവല ഗവ. മോഡൽ എച്ച്.എസ്.എസിൽ നടത്തി. യന്ത്രങ്ങളിൽ പലതും തകരാറിലായത് നടപടികൾ വൈകുന്നതിനു കാരണമായി. യന്ത്രത്തിൽ ഓരോ വാർഡിലെയും സ്ഥാനാർഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ബാലറ്റ് പേപ്പർ പതിപ്പിക്കുകയും (ബാലറ്റ് ലേബലിങ്) മോക് വോട്ടിംഗ്‌ നടത്തുകയും ചെയ്തു.

വോട്ട് കൃത്യമായി പതിയുന്നുവെന്ന് ബോധ്യപ്പെടുത്തിയശേഷം വോട്ടുകൾ നീക്കംചെയ്ത് യന്ത്രങ്ങൾ സീൽ ചെയ്ത് സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. വോട്ടിങ് ദിനത്തിൽ രാവിലെ ആറിന് അതത് ബൂത്തുകളിലും മോക് വോട്ട് നടത്തിയശേഷമേ യന്ത്രങ്ങളിൽ വോട്ട് രേഖപ്പെടുത്തൽ തുടങ്ങൂ.

എല്ലാ പഞ്ചായത്തുകളിലേക്കും 20 ശതമാനം വോട്ടിങ് യന്ത്രങ്ങൾ ക്രമീകരിച്ച് കരുതലായി സൂക്ഷിക്കും. എവിടെയെങ്കിലും യന്ത്രങ്ങൾ തകരാറിലായാൽ പകരം ഇവ എത്തിക്കും. ക്രമപ്പെടുത്തൽ കേന്ദ്രങ്ങളിൽ അതത് വരണാധികാരികളും ഉപവരണാധികാരികളും ക്രമീകരണത്തിന് നേതൃത്വം നൽകി.