പുനലൂർ :'ആർ.ബാലകൃഷ്ണപിള്ള എനിക്ക് ഗുരുനാഥനാണ്. നായർ സർവീസ് സൊസൈറ്റിയുമായി എനിക്കുള്ളതിനെക്കാൾ പത്തുവർഷത്തെ ബന്ധം കൂടുതലുണ്ട് അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ ബാലകൃഷ്ണപിള്ളയിൽനിന്ന്‌ ഏറെ പഠിക്കാനുമുണ്ട്'-എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടേതാണ് ഈ വാക്കുകൾ.

പത്തനാപുരം താലൂക്ക് എൻ.എസ്.എസ്.യൂണിയൻ 2018 മേയ് 19-ന് പുനലൂരിൽ സംഘടിപ്പിച്ച നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ആർ.ബാലകൃഷ്ണപിള്ളയോടുള്ള ആദരവും സ്നേഹവായ്പും സുകുമാരൻ നായർ പ്രകടിപ്പിച്ചത്. യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്ത് 61 വർഷം തികച്ച ബാലകൃഷ്ണപിള്ളയെ ആദരിക്കാൻകൂടിയായിരുന്നു ആ സമ്മേളനം. '82 വർഷംമുൻപാണ് പത്തനാപുരം താലൂക്ക് യൂണിയൻ രൂപവത്‌കരിക്കുന്നത്. നടുത്തേരി വലിയവീട്ടിൽ പരമേശ്വൻ പിള്ളയായിരുന്നു ആദ്യ പ്രസിഡന്റ്. പിന്നീട് പലരും യൂണിയന്റെ അധ്യക്ഷപദവിയിൽ വന്നു. എന്നാൽ സമുദായാചാര്യൻ മന്നത്ത് പദ്‌മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ, വെറും 22-ാമത്തെ വയസ്സിൽ ആർ.ബാലകൃഷ്ണപിള്ള പ്രസിഡന്റായതിനുശേഷമാണ് യൂണിയന് അസാമാന്യമായ വളർച്ചയുണ്ടായത്.

പതിനാറ്‌ കരയോഗങ്ങളോടെ തുടങ്ങിയ യൂണിയനിൽ ഇന്ന് 144 കരയോഗങ്ങളുണ്ട്. മറ്റൊരു താലൂക്ക് യൂണിയനും ഇല്ലാത്തത്ര കോടികളുടെ ആസ്തി ബാലകൃഷ്ണപിള്ള പത്തനാപുരം യൂണിയനുണ്ടാക്കി. ഇതൊരു മഹാദ്‌ഭുതമാണ്'-അന്ന് സുകുമാരൻ നായർ പറഞ്ഞു. യൂണിയൻ ഓഫീസിന് അഞ്ചുവർഷത്തെ വാടകക്കുടിശ്ശികയുള്ളപ്പോഴാണ് താൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതെന്ന്‌ മറുപടിപ്രസംഗത്തിൽ ബാലകൃഷ്ണപിള്ള അനുസ്മരിച്ചു. ആ യൂണിയന്റെ ഇപ്പോഴത്തെ ബജറ്റ് കോടികളുടേതാണ്. നായർ സമുദായത്തിന്റെ പക്കൽനിന്ന്‌ കൈമോശംവന്ന പല കലാരൂപങ്ങളും തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്-അദ്ദേഹം കൂട്ടിച്ചേർത്തു.

മരണംവരെയും പ്രസിഡന്റ് സ്ഥാനത്തു തുടർന്ന ബാലകൃഷ്ണപിള്ളയെ എന്നും നായകസ്ഥാനത്തുതന്നെയാണ് പുനലൂർ, പത്തനാപുരം താലൂക്കുകൾ ഉൾക്കൊള്ളുന്ന യൂണിയനിലെ സമുദായാംഗങ്ങൾ കണ്ടത്.