ശൂരനാട് :ശക്തമായ കാറ്റിലും മഴയിലും ശൂരനാട് വടക്ക് വ്യാപകനാശനഷ്ടം. പുലിക്കുളം, ആനയടി, പാതിരിക്കൽ, ഇടപ്പനയം, കണ്ണമം വാർഡുകളിലാണ് വ്യാപകനാശനഷ്ടമുണ്ടായത്. ഒട്ടേറെ വീടുകൾ ഭാഗികമായി തകർന്നു. ഏക്കറുകണക്കിന് കൃഷി നശിച്ചു. മരംവീണ്‌ വൈദ്യുത തൂണുതകർന്ന് വൈദ്യുതിബന്ധം താറുമാറായി. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം.

പാതിരിക്കൽ തോണ്ടലിൽ തെക്കതിൽ ശ്രീജിത്ത്, വിളയിൽ കിഴക്കതിൽ വാസു, തെങ്ങുള്ളതിൽ പ്രഭാകരൻ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.

മരംവീണ് ശൗചാലയവും തകർന്നു. വിവേക്‌ഭവനത്തിൽ വേണുവിന്റെ വീടിന്റെ ഷീറ്റിട്ട മേൽക്കൂര കാറ്റിൽ പറന്നുപോയി. വിവിധപ്രദേശങ്ങളിലായി കുലച്ചതും കുലയ്ക്കാത്തതുമായ നൂറുകണക്കിന് വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. വെറ്റിലക്കൊടികൾക്കും നാശനഷ്ടമുണ്ടായി.

കൊല്ലം-തേനി ദേശീയപാതയിൽ ആനയടി റോഡിൽ മരം കടപുഴകി. ശാസ്താംകോട്ടയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി മുറിച്ചുമാറ്റി.