കരുനാഗപ്പള്ളി : കുലശേഖരപുരം, തഴവ പഞ്ചായത്തുകളിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ കുറവില്ല. കുലശേഖരപുരം പഞ്ചായത്തിൽ ചൊവ്വാഴ്ചമാത്രം 68 പേർക്കാണ് പുതുതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 788 ആയി.

തൊടിയൂരിൽ 29 പേർക്കുകൂടി കോവിഡ് ബാധിച്ചിട്ടുണ്ട്. തഴവയിൽ 68 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്-ആകെ 495. കരുനാഗപ്പള്ളിയിൽ 413 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

തഴവയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം പ്രവർത്തനം തുടങ്ങി. തിങ്കളാഴ്ച ഉച്ചവരെ 27 പേർ ഇവിടെ ചികിത്സതേടി. കരുനാഗപ്പള്ളിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ദേശീയപാതയിൽ കന്നേറ്റി ജങ്‌ഷൻ, ഇടപ്പള്ളിക്കോട്ട, ചവറ ബസ് സ്റ്റാൻഡ്, പുത്തൻതെരുവ് എന്നിവിടങ്ങളിലെല്ലാം പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. എല്ലാ ഇടറോഡുകളിലും പോലീസ് പരിശോധനയുണ്ടാകും. വ്യക്തമായ കാരണമില്ലാതെയുള്ള യാത്രകൾ അനുവദിക്കില്ല. സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശങ്ങൾ പോലീസിന്റെ പ്രത്യേക നിരീണക്ഷത്തിലായിരിക്കും.

നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിൽനിന്ന്‌ രണ്ട് ഇൻസ്പെക്ടർമാരെയും എസ്.ഐ.മാരെയും കരുനാഗപ്പള്ളിയിൽ നിയമിച്ചിട്ടുണ്ട്. വിവിധപഞ്ചായത്തുകളിലായി ഇവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.