കൊല്ലം : കേരളത്തിലെ ചുമട്ടുതൊഴിലാളികളെ സർക്കാരും ക്ഷേമനിധി ബോർഡും രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തിയിരിക്കുന്നതായി കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാന പ്രസിഡന്റ് എ.കെ.ഹഫീസ് ആരോപിച്ചു.

അപകടകരമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ചുമട്ടുതൊഴിലാളികൾക്ക് ഇ.എസ്.ഐ. പദ്ധതി ഏർപ്പെടുത്തി ചികിത്സാസഹായം ഉദാരമാക്കണമെന്ന് കൊല്ലത്ത് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനംചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

തൊഴിലാളിദ്രോഹനിയമങ്ങൾ പിൻവലിക്കണമെന്നും ആനുകൂല്യവിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പട്ടണംചുറ്റി മാർച്ചും നടത്തി.

ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്.നാസറുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ, സംസ്ഥാന നേതാക്കളായ ഏരൂർ സുഭാഷ്, ചിറ്റുമൂല നാസർ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് എൻ.അഴകേശൻ, അഞ്ചൽ സക്കീർ ഹുസൈൻ, കുളത്തൂപ്പുഴ സലീം തുടങ്ങിയവർ പ്രസംഗിച്ചു.