കൊല്ലം : പള്ളിമുക്ക് ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർഥിക്ക് 'സ്വതന്ത്ര'രുടെ വെല്ലുവിളി. സ്വതന്ത്രരായി മത്സരിക്കുന്ന രണ്ട് നൗഷാദുമാരാണ് ആർ.എസ്.പി.യിലെ എൻ.നൗഷാദിന് വെല്ലുവിളി ഉയർത്തുന്നത്.
നൗഷാദ്, എസ്.നൗഷാദ് എന്നിവരാണ് സ്വതന്ത്ര സ്ഥാനാർഥികൾ. അവരുടെ പേരുകൾക്ക് താഴെയാണ് വോട്ടെടുപ്പുയന്ത്രത്തിൽ എൻ.നൗഷാദിന്റെ പേര്. മൺവെട്ടിയും മൺകോരിയും ചിഹ്നത്തിനോട് സാമ്യമുണ്ട് സ്വതന്ത്രരുടെ ചിഹ്നത്തിനും. നൗഷാദ് രണ്ട് വാളും ഒരു പരിചയും ചിഹ്നത്തിൽ മത്സരിക്കുന്നു. കോർത്തിരിക്കുന്ന വാളാണ് എസ്.നൗഷാദിന്റെ ചിഹ്നം.
ഇതുസംബന്ധിച്ച് ആർ.എസ്.പി. ജില്ലാ ഭാരവാഹികൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകിയിട്ടുണ്ട്.
സി.പി.എം. വടക്കേവിള ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.സജീവാണ് ഡിവിഷനിലെ എൽ.ഡി.എഫ്. സ്ഥാനാർഥി. കുടുംബശ്രീ പ്രവർത്തകയും ആശാവർക്കറുമായ ബി.പ്രമീള എൻ.ഡി.എ.ക്കുവേണ്ടി മത്സരിക്കുന്നു. ആർ.എസ്.പി.യിലെ സലീനയാണ് 2015-ൽ ഡിവിഷനിൽനിന്ന് വിജയിച്ചത്.
125 വോട്ടിന്റെ ഭൂരിപക്ഷമാണ് അവർ നേടിയത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പള്ളിമുക്ക് പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കഴിഞ്ഞതവണ മത്സരിച്ച സനിതാറാണി നേടിയ 944 വോട്ടുകൾ ബി.ജെ.പി.യുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.
മങ്ങാട്ടും വാശിയേറിയ മത്സരം
:മങ്ങാട് ഡിവിഷനിൽ വിജയം നിലനിർത്താൻ എൽ.ഡി.എഫിന്റെ പരിശ്രമം. മുൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസാണ് കഴിഞ്ഞതവണ ഇവിടെനിന്ന് 586 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സമുദായ വോട്ടുകൾ നിർണായകമാണ് ഡിവിഷനിൽ. സി.പി.ഐ. ജില്ലാ കൗൺസിൽ അംഗമായ ബിജു അരവിന്ദാണ് ഇത്തവണ എൽ.ഡി.എഫിനുവേണ്ടി രംഗത്തിറങ്ങുന്നത്.
സീറ്റ് സംബന്ധമായി പാർട്ടിയിലുണ്ടായ തർക്കങ്ങളിൽ യു.ഡി.എഫിനും എൻ.ഡി.എ.ക്കും പ്രതീക്ഷയുണ്ട്. യു.ഡി.എഫിലും പ്രശ്നങ്ങൾ അന്യമായിരുന്നില്ല.
ആർ.മുരുകദാസാണ് യു.ഡി.എഫ്. സ്ഥാനാർഥി. ബി.ജെ.പി. കൊല്ലം നിയോജകമണ്ഡലം കമ്മിറ്റി അംഗം ടി.ജി.ഗിരീഷ് എൻ.ഡി.എ.ക്ക് മത്സരരംഗത്തുണ്ട്. കഴിഞ്ഞതവണ ഡിവിഷനിൽ രണ്ടാംസ്ഥാനത്തെത്തിയതാണ് എൻ.ഡി.എ.യുടെ ശുഭപ്രതീക്ഷ.