അഞ്ചാലുംമൂട് : ജോലിസ്ഥലത്തുവച്ചുണ്ടായ ഹൃദയാഘാതംമൂലം മരിച്ച ഹവിൽദാർ സാബുവിന് സൈനികബഹുമതികളോടെ വിടനൽകി. അസം റൈഫിൾസിലെ ഹവിൽദാറായ പെരുമൺ സിനി നിവാസിൽ സാബു (47) ജോലിസ്ഥലമായ മണിപ്പുരിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നിനാണ്‌ മരിച്ചത്.

ചൊവ്വാഴ്ച രാവിലെ മൃതദേഹം നായിക് സുബൈദാർ സാബു ചെറിയാൻ, ഹവിൽദാർ സാബു ജോസ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ ഒൻപതുമണിയോടെ പെരുമണിലെ വീട്ടിലെത്തിച്ചു. പത്തുമണിയോടെ സൈനിക ബഹുമതികളോടെ ശവസംസ്കാരച്ചടങ്ങുകൾ നടത്തി. പരേതനായ തങ്കപ്പൻ പിതാവും രത്നമ്മ മാതാവും സൗമ്യസുഭഗൻ ഭാര്യയും ഗൗതംകൃഷ്ണ മകനുമാണ്.