കുളത്തൂപ്പുഴ : അഞ്ചുവയസ്സുള്ള കുട്ടിയെ ബന്ധുവീട്ടിലുപേക്ഷിച്ച് സുഹൃത്തിനൊപ്പം കടന്ന യുവതിയുടെപേരിൽ പോലീസ് കേസ്. കുളത്തൂപ്പുഴ സാം നഗർ സ്വദേശിനിയാണ് ഭർത്താവിന്‍റെ സഹോദരന്‍റെ വീട്ടിൽ കുട്ടിയെ ഉപേക്ഷിച്ചുകടന്നത്. ഹോമിയോ ആശുപത്രിയിൽ പോകുന്നെന്ന്‌ അറിയിച്ച് തിങ്കളാഴ്ച വീടുവിട്ടിറങ്ങിയ യുവതി ഏറെ വൈകിയിട്ടും തിരികെ വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ വീട്ടുകാർ കുളത്തൂപ്പുഴ പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചിലിൽ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിനോക്കുന്ന യുവാവിനൊപ്പം കടന്നതാണെന്ന് മനസ്സിലാക്കിയ പോലീസ് ഇവരെ തിരികെ എത്തിക്കാനുള്ള നടപടികൾ തുടങ്ങി.