തെന്മല : ഉറുകുന്ന് ട്രൈബൽ കോളനിയിലെ കുടിവെള്ളപദ്ധതി തകർച്ചയിൽ. അഞ്ഞൂറോളം കുടുംബങ്ങൾ പദ്ധതിയെ ആശ്രയിക്കുന്നുണ്ട്. മൂന്നുപതിറ്റാണ്ട് പഴക്കമുള്ള പദ്ധതിയുടെ പ്രധാന ടാങ്ക് നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടിത്തറയിളകി വിടവിലൂടെ വെള്ളം ചോർന്നൊലിക്കുന്നുണ്ട്. അതിനാൽ വിതരണത്തിന് ഇരട്ടി വെള്ളം പമ്പ്‌ ചെയ്യേണ്ടിവരുന്നു.

ഇത് ജല അതോറിറ്റിക്ക് വൈദ്യുതി ചാർജ്‌ ഇനത്തിൽ വൻ ബാധ്യതയാണുണ്ടാക്കുന്നത്. കല്ലടയാറ്റിൽനിന്നാണ് അരക്കിലോമീറ്റർ ദൂരെയുള്ള ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത്. ആറ്റിൽനിന്ന്‌ എടുക്കുന്ന വെള്ളം ശുദ്ധീകരിക്കാൻ മാർഗമില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.

കോളനിയിലെ ഇരുനൂറോളം കുടുംബങ്ങളും വെള്ളച്ചാൽ ഭാഗത്തെ നൂറുകണക്കിന് കുടുംബങ്ങളും ഇവിടത്തെ വെള്ളം ഉപയോഗിക്കുന്നുണ്ട്.

വെള്ളം ശുദ്ധീകരിക്കാത്തതിനാൽ ടാങ്കിൽ ഓരും ചെളിയും നിറഞ്ഞിട്ടുണ്ട്. ടാങ്കിൽനിന്നുള്ള പ്രധാന പൈപ്പിൽ വർഷങ്ങളായി ചോർച്ചയുണ്ട്‌. ഇങ്ങനെ ചോരുന്ന വെള്ളം ഇരുനൂറുമീറ്റർ അകലെയുള്ള റോഡിലേക്ക് ഒഴുകുന്നു. പുതിയ പദ്ധതിക്കായി ആവശ്യമുയരുന്നെങ്കിലും നടപ്പായിട്ടില്ല.