ചടയമംഗലം : നവീകരണജോലികൾ നടക്കുന്ന ആയൂർ-അഞ്ചൽ റോഡിലെ യാത്ര അനുദിനം ദുർഘടമായി. മണിക്കൂറുകളോളമാണ് ഗതാഗത തടസ്സമുണ്ടാകുന്നത്.

കല്ലിടുക്കുഭാഗത്ത്‌ ഇത്തിക്കരയാറിനോടുചേർന്ന ഭാഗം ഇടിഞ്ഞുതകർന്നതിന്റെ പുനർനിർമാണം ഇഴയുന്നതാണ് കാരണം.

ഭാരം കയറ്റിയ വാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണമുണ്ടെങ്കിലും മിക്കപ്പോഴും ഇത് ലംഘിക്കപ്പെടുന്നു. പെരുങ്ങള്ളൂർ, കുരിശടി ഭാഗങ്ങളിലും റോഡ് പൊളിഞ്ഞ് നാശമായി. ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്ന പ്രധാന പാതയായിട്ടും കുഴികൾ അടയ്ക്കുന്നതിന് നടപടിയില്ല. ആയൂർ ഭാഗത്തെ കുഴികളിൽവീണ് ഇരുചക്രവാഹനാപകടവും പതിവാകുന്നു.

ആയൂർമുതൽ അഞ്ചൽവരെയുള്ള ഏഴുകിലോമീറ്റർ മലയോര ഹൈവേയുടെ പണികളാണ് നാട്ടുകാരുടെ നടുവൊടിക്കുന്നത്. കാൽനടക്കാർ ചെളിയഭിഷേകം നേരിടുന്നത് പതിവുകാഴ്ചയാണ്.