കൊല്ലം : കെ-ഡിസ്ക് യങ് ഇന്നൊവേറ്റേഴ്‌സ്‌ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സെമിനാർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. കളക്ടർ അഫ്‌സാന പർവീൺ മുഖ്യപ്രഭാഷണം നടത്തി. 13 മുതൽ 35 വരെ പ്രായമുള്ളവരിൽനിന്ന്‌ നൂതനാശയങ്ങൾ ഉൾക്കൊണ്ട് തൊഴിലവസരം വർധിപ്പിക്കുകയാണ് കെ-ഡിസ്ക് യങ് ഇന്നൊവേറ്റേഴ്‌സ് മീറ്റിന്റെ ലക്ഷ്യം. ഇതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥ വികസിപ്പിക്കാനാകുമെന്ന് കളക്ടർ പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ അധ്യക്ഷനായി. ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ.യൂസഫ്, കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ എസ്.ജയമോഹൻ, കെ-ഡിസ്ക് ജില്ലാ കോ-ഓർഡിനേറ്റർ ബി.ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

പരമ്പരാഗത വ്യവസായ-കശുവണ്ടി മേഖലകളെ സംബന്ധിച്ച് ചർച്ച നടത്തി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി വിദ്യാർഥികൾ നേരിട്ടും ഓൺലൈനായും പങ്കെടുത്തു. കശുവണ്ടി ഉത്പന്നങ്ങളുടെ പ്രദർശനവും സെമിനാറിനോട്‌ അനുബന്ധിച്ച് സംഘടിപ്പിച്ചു.