കൊല്ലം : ആശ്രാമത്തെ കുട്ടികളുടെ പാർക്ക് ഇരുട്ടിൽ. കുട്ടികളും രക്ഷിതാക്കളും പാർക്ക് നടത്തിപ്പുകാരും ഇതുകാരണം ബുദ്ധിമുട്ടിലാണ്. തെരുവുപട്ടികളുടെ ശല്യവും രൂക്ഷമായിരിക്കുന്നു.

ഉയരവിളക്കുകളും പാർക്കിലെ പൊതുവിളക്കുകളും മിഴിയടച്ചതോടെയാണ് ഇവിടം ഇരുട്ടിലായത്. മരംവീണ് മതിൽ തകർന്ന ഭാഗത്തുകൂടി പട്ടികൾ പാർക്കിന്റെ ഉൾവശം കൈയടക്കിയിരിക്കുന്നു. കോവിഡ്കാലത്ത് പലരും ഇവിടെയും പരിസരത്തും തെരുവുപട്ടികൾക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുക്കാറുണ്ടായിരുന്നു. അതുപോലെ മാലിന്യങ്ങൾ പരിസരത്തു കൊണ്ടിടുന്നതും പട്ടികൾ പെരുകാൻ കാരണമായി.

പ്രഭാത-സായാഹ്ന സവാരിക്കെത്തുന്നവരും പട്ടിയെ പേടിച്ചാണിപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസം 15-ഓളം പട്ടിക്കുഞ്ഞുങ്ങളെയാണ് ഇവിടെനിന്നെടുത്ത് പുറത്തുകളഞ്ഞത്. ഒരുവർഷത്തേക്ക് 500 രൂപ ഈടാക്കിയാണ് ഇവിടെ നടക്കാൻ അനുവദിക്കുന്നത്.

പക്ഷേ, സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഡി.ടി.പി.സി. തിരിഞ്ഞുനോക്കുന്നില്ല. ഉയരവിളക്ക്‌ തകരാറിലായശേഷം അഴിച്ച് താഴ്ത്തിവെച്ചിരിക്കുകയാണ്. വെളിച്ചക്കുറവുകാരണം സൈക്കിളുകൾ കൂട്ടിമുട്ടുകയും ഇരിക്കുന്നവരുടെമേൽ സൈക്കിൾ ഇടിക്കുകയും ചെയ്തതോടെ ഇരുളുമ്പോഴേക്കും സൈക്കിൾ കൊടുക്കുന്നത് നിർത്തേണ്ട അവസ്ഥയിലാണ്. വരുമാനത്തിന്റെ 35 ശതമാനം ഈടാക്കുന്ന ഡി.ടി.പി.സി. ഇത്തരം അടിസ്ഥാനസൗകര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല.

കോവിഡ് കാരണം ഏറെനാൾ അടച്ചിട്ട പാർക്ക് തുറന്നതോടെ ധാരാളംപേർ എത്തുന്നുണ്ട്. ടിക്കറ്റ് ചാർജ് കൂട്ടിയത് സ്ഥിരമായി വരുന്നവരെ മടുപ്പിക്കുന്നുണ്ടെന്ന് കരാറുകാരൻ പറയുന്നു.

മുൻപ് 30,000-ത്തോളം രൂപയുടെ വരുമാനം കിട്ടിക്കൊണ്ടിരുന്നു. ഇന്ന് 5,000 രൂപയ്ക്കടുത്തേ കിട്ടുന്നുള്ളൂ.

നിലവിൽ നീന്തൽക്കുളവും കേടായിക്കിടക്കുകയാണ്. ചോർച്ചയാണ് പ്രശ്നം. അതിന്റെ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. നീന്തൽക്കുളവും നന്നാക്കിയാൽ നല്ല വരുമാനം ലഭിക്കും. മൊത്തത്തിൽ അറ്റകുറ്റപ്പണിനടത്തി നീന്തൽക്കുളവും ഓപ്പൺ എയർ ഓഡിറ്റോറിയവും മികച്ച റൈഡുകളുമെല്ലാമായാൽ നഗരവാസികൾക്ക് വിനോദോപാധിയും കുട്ടികൾക്ക് ഉല്ലസിക്കാനൊരിടവുമാകും. ഇപ്പോൾ കുട്ടികളുമായി ധൈര്യത്തിൽ പോകാവുന്ന ഒരിടമല്ലിത്.

ആശ്രാമം ചിൽഡ്രൻസ് പാർക്കിലെ ഉയരവിളക്ക്‌ കേടായതിനെത്തുടർന്ന്‌ താഴത്തേക്കിറക്കി കെട്ടിവെച്ചിരിക്കുന്നുഉയരവിളക്ക്‌ കേടായതിനെത്തുടർന്ന് ഇരുട്ടിലായ ആശ്രാമം ചിൽഡ്രൻസ് പാർക്കിന്റെ രാത്രിക്കാഴ്ച. ഇവിടെ എത്തുന്ന കുട്ടികൾ ഇരുട്ടത്ത് തപ്പിത്തടഞ്ഞു നടക്കേണ്ട അവസ്ഥയാണിപ്പോൾ

പ്രാവുകളെ മോഷ്ടിച്ചതിന് പിടിയിൽ

കൊല്ലം : പ്രാവുകളെ മോഷ്ടിച്ച് വിൽപ്പന നടത്തിയതിന് 19-കാരൻ പോലീസ് പിടിയിലായി. തട്ടാർകോണം മനക്കര അമ്പലത്തിനുസമീപം മരുതൂർ മേലതിൽ അനന്ദു കൃഷ്ണനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മേയിൽ കൽക്കുളം ക്ഷേത്രത്തിനുസമീപം താമസിക്കുന്ന ഷെമീർഖാൻ വളർത്തുന്ന പത്ത് പ്രാവുകളെയാണ്‌ അനന്ദു കൃഷ്ണനും കൂട്ടുകാരും മോഷ്ടിച്ചത്.

25,000 രൂപയിലധികം വിലവരുന്ന പ്രാവുകളെയാണ് ഇവർ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഘത്തിലെ ഒരാൾ നേരത്തേ പിടിയിലായിരുന്നു. മോഷ്ടിച്ച 10-ൽ ആറ്ു പ്രാവുകളെ വിൽപ്പന നടത്തിയ സ്ഥലത്തുനിന്ന്‌ പോലീസ് കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.