തെന്മല :കിഴക്കൻമേഖലയിൽ സ്ഥാനാർഥികൾ കടുത്ത പ്രചാരണത്തിലേക്ക്. രണ്ടാംഘട്ട ഗൃഹസന്ദർശനം പൂർത്തിയാക്കിയതോടെ വാർഡ് കൺവെൻഷനുകളും വാഹന പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു. ഭരണപക്ഷ സ്ഥാനാർഥികൾ വികസനനേട്ടങ്ങൾ ഉയർത്തിക്കാണിക്കുമ്പോൾ തകർച്ചയിലായ റോഡും കുടിവെള്ളപ്രശ്നവും ചൂണ്ടിക്കാട്ടിയാണ് എതിരാളികളുടെ വോട്ടുതേടൽ. കഴിഞ്ഞദിവസം ജില്ലാപഞ്ചായത്ത്‌ യു.ഡി.എഫ്. സ്ഥാനാർഥി ഏരൂർ സുഭാഷ്, അച്ചൻകോവിൽ വാർഡുകളിലെ സ്ഥാനാർഥികളായ ദീപമോൾ, അനിൽകുമാർ എന്നിവരോടൊപ്പം വോട്ടഭ്യർഥിച്ച് വീടുകളിലെത്തിയിരുന്നു.

കഴുതുരുട്ടി വാർഡ് ആരെ തുണയ്ക്കും

:കടുത്തമത്സരം നടക്കുന്ന കഴുതുരുട്ടി വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.ചന്ദ്രനുവേണ്ടി സംവിധായകൻ എം.എ.നിഷാദ് എത്തി. സി.പി.എം. നേതാവ് ആർ.പ്രദീപ് ഒപ്പമുണ്ടായിരുന്നു. യു.ഡി.എഫ്. സ്ഥാനാർഥി സുരേഷ് പ്രവർത്തകരോടൊപ്പം രണ്ടാംഘട്ട പ്രചാരണം പൂർത്തിയാക്കി. മാമ്പഴത്തറ സലിമാണ് ഇത്തവണ കഴുതുരുട്ടിയിൽ ബി.ജെ.പി. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥി സുരേഷിനും എൽ.ഡി.എഫ്. സ്ഥാനാർഥി സി.ചന്ദ്രനും തികഞ്ഞ വിജയപ്രതീക്ഷയുള്ളതിനാൽ മത്സരം കടുത്തതാകുന്നു.