അഞ്ചൽ :ബാലറ്റ് യൂണിറ്റും ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രവും ഇറക്കാൻ വെളിച്ചമില്ലാതെ വലഞ്ഞ് ഉദ്യോഗസ്ഥർ. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലേക്കും എട്ട് ഗ്രാമപ്പഞ്ചായത്തുകളിലേക്കും കൊണ്ടുവന്ന ബാലറ്റ് യൂണിറ്റും ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രവുമാണ് ഇരുട്ടത്ത് ഇറക്കേണ്ടിവന്നത്.

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ഇലക്‌ഷൻ സാമഗ്രികൾ ഇരുട്ടത്ത് ഇറക്കിെവച്ചത്. ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ഇ.വി.എം. യന്ത്രങ്ങളും മറ്റും ഇറക്കിെവച്ചത്. അഞ്ചൽ ബ്ലോക്കിന്റെ റിട്ടേണിങ്‌ ഓഫീസറായ തെന്മല ഡി.എഫ്.ഒ.യ്ക്കും അസിസ്റ്റന്റ് റിട്ടേണിങ്‌ ഓഫീസറായ അഞ്ചൽ ബി.ഡി.ഒ.യ്ക്കുമാണ് ഇതിന്റെ ചുമതല. ഒരോ പഞ്ചായത്തിലേക്കും ആവശ്യമുള്ള ഇ.വി.എം. യന്ത്രങ്ങളാണ് സ്ട്രോങ് റൂമിൽ ഇറക്കിവയ്ക്കുന്നത്.

മുറിക്ക് പിറകുവശത്തും മുൻവശത്തും വെളിച്ചം അത്യാവശ്യമാണ്. എന്നാൽ ഇവിടെയൊന്നും വെളിച്ചമില്ല. നാല്, അഞ്ച് തീയതികളിൽ എട്ട് പഞ്ചായത്തിലെയും അഞ്ചൽ ബ്ലോക്കിലെയും വോട്ടിങ്‌ യന്ത്രം സെറ്റ് ചെയ്യുന്നതും ഇവിടെവെച്ചാണ്. വോട്ടെണ്ണൽ കേന്ദ്രവും ഇവിടെത്തന്നെയാണ്.