കടയ്ക്കൽ : മലയോര പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പുപ്രചാരണം കൊഴുക്കുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം അവശേഷിക്കേ ഭവനസന്ദർശനവും കുടുംബയോഗവും മൈക്ക് പ്രചാരണവും മുന്നണികൾ ശക്തമാക്കി. ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളുടെ സ്വീകരണപര്യടനങ്ങൾ തുടങ്ങിയതോടെ ചിതറ, കുമ്മിൾ, ഇട്ടിവ, കടയ്ക്കൽ പഞ്ചായത്തുകളിൽ പ്രചാരണത്തിന് ചൂടേറി.

ജില്ലാപഞ്ചായത്ത് ചിതറ ഡിവിഷനിൽ സ്ഥാനാർഥികളുടെ പര്യടനം തുടങ്ങി. യു.ഡി.എഫ്. സ്ഥാനാർഥി അഞ്ജു അനൂപ് നായരുടെ പര്യടനം ബുധനാഴ്ച ഇട്ടിവ പഞ്ചായത്തിലെ മണലുവട്ടത്തുനിന്നു തുടങ്ങി. മുൻ എം.എൽ.എ. പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോബി കാട്ടാമ്പള്ളി അധ്യക്ഷനായി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് എം.അൻസാറുദീൻ, എം.എ.സത്താർ, എം.തമീമുദീൻ, മണലുവട്ടം സുരേന്ദ്രൻ, എസ്.ആർ.ബിനോജ്, എ.എ.ലത്തീഫ്, പ്രസീദ്‌ മണലുവട്ടം തുടങ്ങിയവർ സംസാരിച്ചു. ചിതറയിലെ പരുത്തിവിളയിൽ പര്യടനം സമാപിച്ചു.

ചിതറയിലെ പര്യടനസമാപനം മൂന്നിന് വൈകീട്ട് നാലിന് ചിതറ ജങ്‌ഷനിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്യും. നാലിന് കുമ്മിൾ പഞ്ചായത്തിലും അഞ്ചിന് കടയ്ക്കൽ പഞ്ചായത്തിലും പര്യടനം നടത്തും.

എൽ.ഡി.എഫ്. സ്ഥാനാർഥി ജെ.നജീബത്തിന്റെ പര്യടനം കുമ്മിൾ പഞ്ചായത്തിലെ തച്ചോണത്ത് സി.പി.എം. കടയ്ക്കൽ ഏരിയ സെക്രട്ടറി എം.നസീർ ഉദ്ഘാടനം ചെയ്തു. കരകുളം ബാബു, വി.പ്രഭാകരൻ പിള്ള, ഡി.അജയൻ, ടി.ആർ.തങ്കരാജ്, ടി.എസ്.പ്രഫുല്ലഘോഷ്, സി.സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കടയ്ക്കൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിലും സ്വീകരണപര്യടനം നടന്നു. എസ്.വിക്രമൻ, വി.സുബലാൽ, ജെ.സി.അനിൽ, പി.പ്രതാപൻ, സുധിൻ കടയ്ക്കൽ, സി.ദീപു തുടങ്ങിയവർ സംസാരിച്ചു. ചിതറ പഞ്ചായത്തിൽ ജില്ലാ അതിർത്തിയിലും ആദിവാസി മേഖലകളിലും പര്യടനം പൂർത്തിയാക്കി.

എൻ.ഡി.എ. സ്ഥാനാർഥി പി.ഷീജാകുമാരിയുടെ പര്യടനം നാലിന് ചിതറ പഞ്ചായത്തിലെ അയിരക്കുഴിയിൽ ആരംഭിക്കും. അഞ്ചിന് കടയ്ക്കൽ, കുമ്മിൾ, ആറിന് ഇട്ടിവ എന്നിവിടങ്ങളിൽ പര്യടനം നടത്തും. ഇട്ടിവയിലെ കുടുംബയോഗങ്ങളിൽ കഴിഞ്ഞ ദിവസം ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എത്തിയതോടെ പ്രവർത്തകർ ആവേശത്തിലാണ്.