കൊല്ലം : തദ്ദേശതിരഞ്ഞെടുപ്പിന് അഞ്ചുനാൾ അവശേഷിക്കെ, ജില്ലയിൽ ശബ്ദപ്രചാരണം സജീവമായി. ജില്ലാപഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെ സ്വീകരണങ്ങളും മൈക്ക് അനൗൺസ്‌മെൻറുകളും പ്രചാരണരംഗം ഉഷാറാക്കി. മൂന്നു മുന്നണികളുടെയും ജില്ലാ ഡിവിഷൻ സ്ഥാനാർഥികളുടെ പര്യടനപരിപാടികൾ നടക്കുകയാണ്.

ഡിസംബർ അഞ്ചോടെ പര്യടനപരിപാടികൾ അവസാനിക്കും. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് എന്നിവർ ബുധനാഴ്ച ജില്ലയിൽ തിരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്നു. കുടുംബയോഗങ്ങളിലും പ്രവർത്തകയോഗങ്ങളിലും നേതാക്കൾ പങ്കെടുത്തു.

നാലിന് എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവൻ കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കുടുംബയോഗങ്ങളും പ്രവർത്തകയോഗങ്ങളും ഉഷാറാക്കി നിലനിർത്താൻ എൽ.ഡി.എഫ്. ജില്ലാ നേതാക്കൾതന്നെ രംഗത്തുണ്ട്.

യു.ഡി.എഫ്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പുപര്യടന പരിപാടികളിൽ എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.സി.രാജൻ, എഴുകോൺ നാരായണൻ, ശൂരനാട് രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച പൂർണസമയം ജില്ലയിൽ ചെലവഴിക്കും. സ്വീകരണപര്യടനങ്ങൾ, കുടുംബയോഗങ്ങൾ, പ്രവർത്തകയോഗങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം പങ്കെടുക്കും. നേതാക്കളുമായി തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ അവലോകനവും നിശ്ചയിച്ചിട്ടുണ്ട്. നാലിന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ജില്ലയിലെത്തും.

എൻ.ഡി.എ. സ്ഥാനാർഥികളുടെ പ്രചാരണത്തിനായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ബുധനാഴ്ച ജില്ലയിൽ പര്യടനം നടത്തി. നാലിന് കേന്ദ്രമന്ത്രി വി.മുരളീധരൻ, എട്ടിന് മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ ജില്ലയിൽ എത്തുന്നുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു.