ഓച്ചിറ : ജില്ലാപഞ്ചായത്ത് ഓച്ചിറ ഡിവിഷൻ എല്ലാക്കാലത്തും എൽ.ഡി.എഫിനൊപ്പമാണ് നിന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വി.കെ.ആനന്ദമാണ് വിജയത്തിനു തുടക്കംകുറിച്ചത്. തുടർന്നു റംല റഹിം, പി.ബി.സത്യദേവൻ, അഡ്വ. എസ്.സന്ധ്യാറാണി, അനിൽ എസ്.കല്ലേലിഭാഗം എന്നീ എൽ.ഡി.എഫ്.സാരഥികളാണ് ഡിവിഷനിൽനിന്നു വിജയിച്ചത്.
ഇക്കുറി ചരിത്രം തിരുത്തിക്കുറിക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.ഐ.യിലെ അനിൽ എസ്.കല്ലേലിഭാഗത്തോട് 363 വോട്ടുകൾക്കാണ് കോൺഗ്രസിലെ അഡ്വ. എം.എ.ആസാദ് പരാജയപ്പെട്ടത്. ഇക്കുറി ഡിവിഷൻ പിടിച്ചെടുക്കാൻ ഓച്ചിറ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെവന്തികുമാരിയെയാണ് യു.ഡി.എഫ്. കളത്തിൽ ഇറക്കിയിരിക്കുന്നത്.
എന്നാൽ ചരിത്രം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്. കുലശേഖരപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റായ സി.പി.ഐ.യിലെ ഗേളി ഷൺമുഖനെയാണ് എൽ.ഡി.എഫ്. രംഗത്തിറക്കിയത്. എൻ.ഡി.എ.യുടെ സാന്നിധ്യം ഉറപ്പിക്കാൻ ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ലത മോഹനാണ് മത്സരരംഗത്തുള്ളത്.
ഓച്ചിറ പഞ്ചായത്തിലെ ഒന്ന്, 17 വാർഡുകൾ ഒഴികെയുള്ള 15 വാർഡുകളും തഴവ പഞ്ചായത്തിലെ 17-ാംവാർഡ് ഒഴികെയുള്ള 21 വാർഡുകളും കുലശേഖരപുരം പഞ്ചായത്തിലെ 8, 9, 10, 11, 13, 14 വാർഡുകളും അടക്കം 42 വാർഡുകളാണ് ഡിവിഷനിലുള്ളത്. ഓച്ചിറ പഞ്ചായത്തിൽ യു.ഡി.എഫും കുലശേഖരപുരം, തഴവ പഞ്ചായത്തുകളിൽ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.
മൂന്നു സ്ഥാനാർഥികളും വാർഡുകളിൽ ഒരു റൗണ്ട് സന്ദർശനം പൂർത്തിയാക്കി. എൽ.ഡി.എഫ്. സ്ഥാനാർഥി ഗേളി ഷൺമുഖന്റെ സ്വീകരണപരിപാടി തഴവ പഞ്ചായത്തിലെ കുതിരപ്പന്തിയിൽ ബുധനാഴ്ച ആരംഭിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന്റെയും എൻ.ഡി.എ.യുടെയും സ്വീകരണപരിപാടി ആരംഭിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് പ്രചാരണ പരിപാടികൾ സജീവമാക്കിയിരിക്കുകയാണ് മൂന്നു മുന്നണികളും.വിജയപ്രതീക്ഷയിൽ എൻ.ഡി.എ.