പോസ്റ്റൽ ബാലറ്റുമായി സ്പെഷ്യൽ ഓഫീസർമാർ വീടുകളിലേക്ക്

കൊല്ലം : കോർപ്പറേഷൻ പരിധിയിൽ കോവിഡ് പോസിറ്റീവായ സമ്മതിദായകരുള്ള വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കി തപാൽ വോട്ട് ശേഖരണം ആരംഭിച്ചു. സ്പെഷ്യൽ പോളിങ്‌ ഓഫീസർമാരുടെ നേതൃത്വത്തിൽ ശക്തികുളങ്ങര, കടപ്പാക്കട, കാവനാട് എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചാണ് തപാൽ വോട്ടിങ്‌ സൗകര്യം ബുധനാഴ്ച ഒരുക്കിയത്.

കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ബാലറ്റ് പേപ്പറുകൾ സ്പെഷ്യൽ ഓഫീസർമാർ അവരുടെ വീടുകളിൽ എത്തിയാണ് വിതരണം ചെയ്യുക. അപ്പോൾത്തന്നെ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി തിരികെ നൽകുകയോ തപാൽ വഴി അയയ്ക്കുകയോ ചെയ്യാനുള്ള സൗകര്യമാണുള്ളത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും കോവിഡ് ബാധിതരായവർക്കും ഉപയോഗത്തിനായി പേന, പശ, ഗ്ലൗസ്, മാസ്ക് എന്നിവ ആവശ്യമെങ്കിൽ നൽകിയശേഷമാണ് ബാലറ്റ് പേപ്പർ വിതരണം ചെയ്യുന്നതും വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുന്നതും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ പ്രത്യേകം സജ്ജീകരിച്ച ബോക്സുകളിൽ ശേഖരിച്ച് ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാരുടെ ഓഫീസുകളിൽ സൂക്ഷിക്കും.

കോർപ്പറേഷൻ പരിധിയിലെ ഒന്നുമുതൽ 28 വരെയുള്ള ഡിവിഷനുകളിൽ പി.എ.മുഹമ്മദ് ഷാഹിദ്, ആനന്ദ് ശേഖർ, അനു വി.തോമസ് എന്നീ സ്പെഷ്യൽ ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് ടീമുകളായാണ്‌ ബാലറ്റ് പേപ്പറുകൾ വീടുകളിൽ എത്തിക്കുന്നത്. സ്പെഷ്യൽ ഓഫീസർമാർ അതിസുരക്ഷാ വസ്ത്രം, ഗ്ലൗസ് എന്നിവ ധരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് വീടുകളിലേക്ക് എത്തുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന്‌ ഏഴിന് ഉച്ചകഴിഞ്ഞ്‌ മൂന്നുവരെ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് ബാലറ്റ് പേപ്പറുകൾ വീടുകളിൽ എത്തിക്കുന്നത്. വോട്ടെണ്ണൽ ദിവസം രാവിലെ നിശ്ചിതസമയംവരെ ലഭിക്കുന്ന തപാൽ വോട്ടുകൾ മാത്രമാണ് സ്വീകരിക്കുക.